കൊവിഡ്: പലരും തീവ്രമായ ക്ഷീണം മുതല്‍ വൈവിധ്യങ്ങളായ ലക്ഷണങ്ങള്‍ വരെ പറയുന്നു

ഒരു നൂലുകെട്ടിനു വിളിച്ചിട്ടുണ്ട് പോവാതിരുന്നാല്‍ എങ്ങനെയാ?’ ‘ബന്ധുവിന്റെ കല്യാണം വരുന്നുണ്ട്, കോവിഡ് കാലമല്ലേ എന്നൊക്കെ പറഞ്ഞിട്ടും പങ്കെടുക്കണമെന്ന് നിര്‍ബന്ധം പറയുന്നു.’ ‘പോവണോ വേണ്ടയോ, എങ്ങനെയാ ഒഴിവാക്കുക…..’എത്ര നാള്‍ എന്ന് വെച്ചാ ഇങ്ങനെ വീട്ടിലിരിക്കുന്നത്, ട്രംപ് ഒക്കെ പറയുന്നത് പോലെ ഇതിനെ പേടിച്ചു ജീവിക്കാന്‍ പറ്റുമോ ഞങ്ങള്‍ ഒരു ട്രിപ്പ് പോവുകയാ’

കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട ഡയലോഗുകള്‍ ആണ് (ആള്‍ക്കാര്‍ എന്നോട് പിണങ്ങാതിരിക്കാന്‍ നേരിയ വത്യാസം വരുത്തിയിട്ടുണ്ട്)

‘പോവേണ്ടാ എന്നാണു അഭിപ്രായം’ എന്ന് തന്നെ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കുകളില്‍ ഇന്ത്യയില്‍ കേസ് നിരക്ക് കുറയുന്നു. എന്നാല്‍ കേരളത്തില്‍ നാമിവിടെ മഹാമാരിയെ പരമാവധി തടഞ്ഞു നിര്‍ത്തിയതിന് ശേഷം നിലവില്‍ നമ്മള്‍ രോഗ നിരക്ക് കൂടുന്ന അവസ്ഥയിലാണ്. പരമാവധി ജാഗ്രത വേണ്ട നാളുകള്‍.

ജീവനോപാധിക്കായും, ‘അത്യാവശ്യ’ കാര്യങ്ങള്‍ക്കായും, രോഗങ്ങളുടെ ചികിത്സയ്ക്കായും ഒക്കെ കരുതല്‍ നടപടികള്‍ പാലിച്ചു പുറത്തിറങ്ങണം. എന്നാല്‍ ആഘോഷത്തിനും ഉല്ലാസത്തിനും പുറത്തിറങ്ങാനുള്ള സമയമല്ല. ഇപ്പോഴും ഈ മഹാമാരി എങ്ങനെ പരിണമിക്കും എന്ന് ഉറച്ചു പറയാന്‍ ഒരു വിദഗ്ധനും കഴിയില്ല.

ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ പറയാം,

1. അല്പം മാസങ്ങള്‍ മുന്‍പ് രോഗം വന്നു പോയാല്‍ രക്ഷപ്പെട്ടു, ഹെര്‍ഡ് ഇമ്മ്യൂണിറ്റി വന്നു രക്ഷിക്കും എന്ന് ചിലര്‍ കരുതിയിരുന്നു.

എന്നാല്‍ എന്താണ് സംഭവിക്കുന്നത്, ആദ്യം രോഗം വലിയ തോതില്‍ വന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ… ഇത്തരത്തില്‍ രക്ഷപെടുമായിരുന്നെങ്കില്‍ ഇപ്പൊ സുരക്ഷിത അവസ്ഥയില്‍ എത്തേണ്ടിയിരുന്ന ജനത.

മഹാമാരിയുടെ തുടക്കത്തിലേ കൊറോണ വൈറസ് ജനജീവിതത്തെ തച്ചുടച്ച നാടുകളില്‍ ഒന്നാണ് ഇറ്റലി. രോഗത്തെക്കുറിച്ചും, നേരിടേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും ഇന്നുള്ള അറിവ് ഇല്ലാതിരുന്നതു കൊണ്ട് തന്നെ ആഘാതം വളരെ വലുതായിരുന്നു.

ഇറ്റലിയില്‍ മാര്‍ച്ചില്‍ പ്രതിദിന കേസ് പീക്കില്‍ എത്തിയത് 6600 ഓളമാണ്, എന്നാല്‍ നിലവില്‍ കേസുകള്‍ കുതിച്ചു ഉയരുകയാണ്. ഇന്നലെ മാത്രം പുതിയ രോഗികള്‍ 11000 നുമേല്‍ ഉണ്ട്.

ഇറ്റലിയില്‍ മാത്രമല്ല യൂറോപ്പില്‍ ഉടനീളം, സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എല്ലാം ആദ്യം വന്നതിനേക്കാള്‍ വലിയ സംഖ്യയാണ് ഇപ്പോള്‍. യൂറോപ്പില്‍ മാത്രമല്ല UAE പോലുള്ളയിടങ്ങളിലും കേസുകള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്നുണ്ട്.

2 . ‘എനിക്ക് പേടിയൊന്നുമില്ല, വന്നു പോവട്ടെ. വരുമ്പോള്‍ പ്രായമായവരില്‍ നിന്നും ഒഴിഞ്ഞു നിന്നാല്‍ പോരെ, എനിക്ക് ആരോഗ്യം ഉണ്ട്’ എന്ന് പറഞ്ഞ ആളെ കണ്ടു.

വന്നു പോവുന്നത് ഒരു ഓപ്ഷനായി സ്വീകരിക്കുന്നത് അബദ്ധമാണെന്നാണ് പറയാനുള്ളത്.

റിസ്‌ക് എല്ലാവര്‍ക്കും ഉണ്ട്, എല്ലാ പ്രായത്തില്‍ ഉള്ളവരും മരണപ്പെട്ടിട്ടുണ്ട്, പ്രായമുള്ളവര്‍ക്കും രോഗങ്ങള്‍ ഉള്ളവര്‍ക്കും റിസ്‌ക് ഏറും എന്ന് മാത്രം.

സോ മേല്പറഞ്ഞതു പോലുള്ള ആഘോഷ / ഉല്ലാസ പരിപാടികളില്‍ നിന്നും കിട്ടുന്ന നൈമിഷിക സന്തോഷത്തെ പിന്നീട് രോഗം വന്നാല്‍ ഉണ്ടാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ / ആരോഗ്യ / കുടുംബ / സാമൂഹിക പ്രശ്‌നങ്ങളുമായി തുലനം ചെയ്താല്‍ ‘Is it worth taking that risk’ ഈ ചോദ്യങ്ങള്‍ നിങ്ങളാണ് സ്വയം ചോദിക്കേണ്ടത്.

പിന്നെ നിങ്ങള്‍ രോഗം വന്നാലും ചിലപ്പോ ലക്ഷണം പോലും ഇല്ലാതെ പകര്‍ത്തുന്ന ഒരാളായിരിക്കാം, എന്നാല്‍ നിങ്ങള്‍ ഇടപഴകുന്ന രോഗം പകര്‍ന്നു കൊടുക്കുന്ന ഒരാള്‍ ചിലപ്പോ ആ പ്രിവിലേജ് ഉള്ള ആളായിരിക്കണം എന്നില്ല.

നിലവില്‍ നമ്മളുടെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് പോവുകയാണ്, ഒരാള്‍ എങ്കില്‍ ഒരാള്‍ രോഗബാധ ഒഴിവാക്കിയാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അനുബന്ധ ചുമതലകളാണ് കുറയുന്നത്. They have no option to stay at home. അവര്‍ക്ക് നിങ്ങളായി ഒരു ‘പണി കൊടുക്കില്ല’ എന്ന സൗമനസ്യം നിങ്ങള്‍ ചെയ്യുന്ന ഒരു വലിയ ഉപകാരമായിരിക്കും.

3. ‘രോഗം വന്നാലെന്ത് രണ്ടു മൂന്നു ആഴ്ചത്തെ കാര്യം അല്ലെ ഉള്ളൂ’

ശരിയാണ്, ഭൂരിഭാഗം പേര്‍ക്കും വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ പോവും. എന്നാല്‍ കുറച്ചു പേര്‍ക്കെങ്കിലും അങ്ങനെയല്ല എന്നാണു ഇപ്പോള്‍ നേരിട്ടറിയുന്നത്.

പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ / ലോങ്ങ് കോവിഡ് എന്നൊക്കെ പറയുന്നത് കുറവെങ്കിലും ഇതൊക്കെ ആര്‍ക്കു വരും വരില്ല എന്ന് നമ്മുക്ക് മുന്‍കൂട്ടി അറിയാന്‍ പറ്റില്ലല്ലോ.

പലരും തീവ്രമായ ക്ഷീണം മുതല്‍ വൈവിധ്യങ്ങളായ ബുദ്ധിമുട്ടുകള്‍ പറയുന്നു, രോഗം വന്നു പോവുന്നവരിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ, കൃത്യമായ ധാരണകളില്‍ എത്തിയിട്ടില്ല തന്നെ.

4. എത്ര നാള്‍ കാണും രോഗപ്രതിരോധ ശേഷി, വീണ്ടും വരുമോ കോവിഡ്?

ഉത്തരം കൃത്യമായി ഇല്ലാത്ത ഒരു സമസ്യയാണ്, അതിലും കൃത്യമായ ശാസ്ത്രീയ അറിവുകള്‍ ചുരുള്‍ അഴിയാനുണ്ട്. നിലവില്‍ വളരെ തുലോം കുറവ് (സ്റ്റാറ്റിസ്റ്റിക്കലി insignificant) കേസുകള്‍ മാത്രമാണ് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് എന്നത് ആശ്വാസമാണ്.

എന്തായാലും രോഗം വന്നു പോയാലും തുടര്‍ന്നും കരുതല്‍ നടപടികള്‍ വേണ്ടി വരും.

ഡോ. ദീപു സദാശിവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here