പുഷ്പന്‍ ജീവിക്കുന്ന ഇതിഹാസം; തളര്‍ത്താനാകില്ല: ഡിവൈഎഫ്ഐ

പുഷ്പന്‍ ജീവിക്കുന്ന ഇതിഹാസമാണ്. പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമാണ്. കേവലം സൈബര്‍ ആക്രമണങ്ങള്‍ കൊണ്ടോ ദുരാരോപണങ്ങള്‍ കൊണ്ടോ തളര്‍ത്താന്‍ കഴിയുന്നതല്ല സഖാവ് പുഷ്പന്റെ രാഷ്ട്രീയ ഇച്ഛാശക്തി.

കഴിഞ്ഞ മണിക്കൂറുകളില്‍ ചില മാധ്യമങ്ങളും ബിജെപി-കോണ്‍ഗ്രസ്-മുസ്ലീം ലീഗ് പ്രവര്‍ത്തകരും നടത്തിവരുന്നത് നിന്ദ്യവും നീചവുമായ പ്രചരണമാണ്. പുഷ്പന്റെ ജേഷ്ഠന്‍ ബിജെപിയില്‍ ചേര്‍ന്നു എന്നത് ഒരു മഹാസംഭവമായി അവതരിപ്പിക്കുന്നത് ഇടതുപക്ഷവിരുദ്ധ പ്രചരണത്തിന്റെ ഭാഗം മാത്രമാണ്.

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അംഗം പോലുമായിരുന്നില്ല ജേഷ്ഠന്‍. വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പമായിരുന്നു എപ്പോഴും അദ്ദേഹം. പുഷ്പനോടും മറ്റ് സഹോദരങ്ങളോടും അദ്ദേഹം വ്യക്തിപരമായ അകലം പാലിച്ചിരുന്നുവെന്നും പല കുടുംബ പ്രശ്നങ്ങളിലും ജേഷ്ഠന്‍ നീതീകരിക്കാനാവാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത് എന്നും പുഷ്പന്‍ തന്നെ, ആരോപണങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയിട്ടുണ്ട്. രക്തബന്ധം കൊണ്ട് ജേഷ്ഠനാണെങ്കിലും ഏറെക്കാലമായി എല്ലാനിലയ്ക്കും അകന്നുനില്‍ക്കുന്ന ഒരാള്‍ മാത്രമാണ് അദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞുകഴിഞ്ഞു.

ഒരു വ്യക്തി ബിജെപിയില്‍ അംഗത്വമെടുത്തു എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയ പ്രാധാന്യവും ഇക്കാര്യത്തിലില്ല. എന്നിട്ടും പുഷ്പന്റെ പേര് ചേര്‍ത്തുവെച്ച് പ്രചരണം നടത്തുന്നത് ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മാനസികമായി തളര്‍ത്താനും പുഷ്പന്റെ പ്രസ്ഥാനത്തെ താറടിച്ചുകാണിക്കാനും വേണ്ടിയാണ്. ഇത് നിന്ദ്യമായ രാഷ്ട്രീയ നീക്കമാണ്.

സമൂഹത്തിന്റെയാകെ അനുകമ്പയും കരുതലും ഉണ്ടാകേണ്ട ഒരാളോട് ഇങ്ങനെ നിന്ദ്യമായി പെരുമാറാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും മാത്രമെ കഴിയുകയുള്ളൂ. കമ്യൂണിസ്റ്റ്-ഡിവൈഎഫ്ഐ വിരുദ്ധതയില്‍ ഹിസ്റ്റീരിയ ബാധിച്ച ചില മലയാള മാധ്യമങ്ങള്‍ നടത്തുന്ന അധാര്‍മ്മികമായ ഇത്തരം പ്രചരണങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. ഇത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല.

‘താന്‍ ഈ ദുഷ്പ്രചരണങ്ങളെയും അതിജീവിക്കുമെന്ന് ‘ ധീരനായ പുഷ്പന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരതയെ ധീരമായി അതിജീവിക്കുന്ന പോരാളിയാണ് പുഷ്പന്‍. അദ്ദേഹത്തെ ദുരാരോപണങ്ങള്‍കൊണ്ട് തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്.

രാഷ്ട്രീയ ഇച്ഛാശക്തിയാണ് സഖാവ് പുഷ്പന്റെ കരുത്ത്. പുഷ്പനെ തളര്‍ത്തുന്നതിനും ഡിവൈഎഫ്ഐയെ കടന്നാക്രമിക്കുന്നതിനും എതിരാളികള്‍ ഇതിന് മുമ്പും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അത്തരം അധമ ശ്രമങ്ങളെ ധീരമായി അതിജീവിച്ച ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ഏതൊരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെയും അനിര്‍വചനീയമായ ആവേശമാണ് പുഷ്പന്‍.

പുഷ്പന്റെ പേര് ചേര്‍ത്ത് നടത്തുന്ന പ്രചരണങ്ങള്‍ ഡിവൈഎഫ്ഐയെ കൂടി തളര്‍ത്തണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്. കേരളത്തില്‍ അരക്കോടിയിലധികം അംഗങ്ങളുള്ള സംഘടനയാണ് ഡിവൈഎഫ്ഐ. ഇപ്പോള്‍ അംഗത്വപ്രചരണം നടന്നുവരികയാണ്. നല്ല പ്രതികരണമാണ് യുവതീ-യുവാക്കളില്‍ നിന്ന് ഉണ്ടാകുന്നത്.

ദുഷ്പ്രചരണങ്ങളെ അതിജീവിച്ച് ഡിവൈഎഫ്ഐ മുമ്പോട്ടുപോകും. പുഷ്പന്‍ എല്ലാ പോരാട്ടങ്ങളുടെയും ഊര്‍ജ്ജകേന്ദ്രമാണ്. ദുരാരോപണങ്ങള്‍ക്ക് തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല ഈ സൂര്യതേജസിനെ.

സൈബര്‍ ഇടങ്ങളിലും ചില മാധ്യമങ്ങളിലും നടത്തുന്ന ദുഷ്പ്രചരണങ്ങളെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിക്കുന്നു. ഇതിനെക്കാള്‍ വിഷലിപ്തമായ പ്രചരണങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ച സംഘടനയാണ് ഡിവൈഎഫ്ഐ. ആ സംഘടനയെ തളര്‍ത്താന്‍ ഇത്തരം ആരോപണങ്ങള്‍ക്ക് കഴിയില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel