ഇത് ബിലാലിന്‍റെ പ‍ഴയ കൊച്ചിയല്ല; ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി

സംസ്ഥാനത്ത്‌ ഓട്ടോമാറ്റിക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ആദ്യനഗരമായി കൊച്ചി മാറി. സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നാടിന്‌ സമർപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിതയാത്ര ഒരുക്കാനും നിയമലംഘകരെ പിടികൂടാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നഗരത്തിലെ 21 പ്രധാന ജങ്ഷനുകളിലാണ്‌ ഐടിഎംഎസ് വഴി ഗതാഗതം നിയന്ത്രിക്കുക‌. വാഹനങ്ങളുടെ തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്‌ച്വേറ്റഡ് സിഗ്നൽ സംവിധാനം, കാൽനടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന പെലിക്കൺ സിഗ്നൽ സംവിധാനം, മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്,

റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ മെസ്സേജ് സൈൻ ബോർഡ്, ട്രാഫിക് ലംഘനം കണ്ടെത്താൻ ക്യാമറകൾ, സിഗ്നൽ തെറ്റിക്കുന്നവരെ കണ്ടുപിടിക്കാൻ റെഡ്‌‌ലൈറ്റ്‌ വയലേഷൻ സംവിധാനം, ഗതാഗതപ്രശ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ്, ആംബുലൻസ്–-ഫയർ വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കാതെ കടത്തിവിടാനുള്ള സംവിധാനം, രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായി ചിത്രങ്ങളെടുക്കാവുന്ന ക്യാമറകൾ എന്നിവയാണ് ഐടിഎംഎസിന്റെ സവിശേഷതകൾ. റഡാർ സംവിധാനം പ്രയോജനപ്പെടുത്തിയാണ്‌ തിരക്കുള്ളിടത്തെ ഗതാഗതം ക്രമീകരിക്കുന്നത്‌.

വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഐടിഎംഎസ് സംവിധാനങ്ങളുടെ നിയന്ത്രണചുമതല പൊലീസിനാണ്. റവന്യൂ ടവറിലെ കൺട്രോൾ സെന്ററിലിരുന്ന് ഗതാഗതം നിരീക്ഷിച്ച്‌ നിർദേശം നൽകാം. അഞ്ചുവർഷത്തെ പരിപാലനവും ഉദ്യോഗസ്ഥ പരിശീലനവും ഉൾപ്പെടെ 27 കോടി രൂപയ്ക്കാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News