മുംബൈയിൽ സ്ത്രീകളുടെ ലോക്കൽ ട്രെയിൻ യാത്ര; മലക്കം മറിഞ്ഞ റെയിൽവേ പച്ചക്കൊടി വീശി

കഴിഞ്ഞ കുറെ ദിവസങ്ങളിലായി നടന്ന ചർച്ചകൾക്കും കത്തിടപാടുകൾക്കുമൊടുവിൽ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സ്ത്രീകൾക്ക് യാത്ര ചെയ്യുവാൻ സജ്ജമായതായി പശ്ചിമറെയിൽവേ അറിയിച്ചു. എന്നാൽ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾക്ക് മഹാരാഷ്ട്ര സർക്കാരുമായി ചേർന്ന് മാർഗ നിർദേശങ്ങൾ തയ്യാറാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് കേന്ദ്രത്തിൽ നിന്നുള്ള തീരുമാനം. നഗരത്തിൽ ദൂര സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീകൾ മണിക്കൂറുകളാണ് റോഡ് വഴിയുള്ള ദുരിത യാത്രക്കായി ചിലവഴിക്കുന്നത്. അത് കൊണ്ട് തന്നെ സ്ത്രീകൾക്ക് ലോക്കൽ ട്രെയിനുകളിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും ശക്തിപ്പെടുകയായിരുന്നു.

ഇതിനെ തുടർന്നാണ് തിരക്കില്ലാത്ത സമയത്ത് ലോക്കൽ ട്രെയിനുകളിൽ സ്ത്രീകൾക്ക് യാത്ര അനുവദിച്ചതായി സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് വരുന്നത്. എന്നാൽ ഉത്തരവിന് തൊട്ടു പുറകെ പശ്ചിമ റെയിൽവേ മലക്കം മറിഞ്ഞതോടെ നടപടി അനശ്ചിതത്തിലാക്കുകയായിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന വിശദീകരണമാണ് പശ്ചിമ റെയിൽവേ മുന്നോട്ടു വച്ചത്. ഇതോടെ പ്രതിഷേധങ്ങളും ഉയരാൻ തുടങ്ങി.

സംസ്ഥാന സർക്കാരിന്റെ നിർദേശം കേന്ദ്രം അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമായി . സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കേണ്ടിവരുമെന്നും കൂടുതൽ യാത്രക്കാർ എത്തുന്നതോടെ സ്റ്റേഷനുകളിൽ അനുഭവപ്പെടാവുന്ന തിരക്ക് എങ്ങനെ ഒഴിവാക്കാമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പശ്ചിമ റെയിൽവേ അധികൃതർ വിശദീകരണം നൽകി. എന്നാൽ ഇക്കാര്യമെല്ലാം വിശദമായി ബന്ധപ്പെട്ട പശ്ചിമ, മധ്യറെയിൽവേ അധികൃതരുമായി ചർച്ച നടത്തിയായിരുന്നു തീരുമാനം അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പശ്ചിമ റെയിൽവേ അവസാന നിമിഷം നിലപാട് മാറ്റിയത് അതിശയിപ്പിക്കുന്നുവെന്നും മഹാരാഷ്ട്ര സർക്കാർ പ്രതികരിച്ചു. ഇതോടെയാണ് കേന്ദ്രം പച്ചക്കൊടി വീശിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here