തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്താന്‍ ആലോചന

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചന. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഈ മാസം അവസാനം നല്‍കും.

തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. പക്ഷെ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിയത്. ഡിസംബര്‍ ആദ്യം തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടികളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാകും.

ഉദ്യോഗസ്ഥ പരിശീലനവും പൂര്‍ത്തിയായി വരികയാണ്. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവി ചീഫ് സെക്രട്ടറിയുമായി എന്നിവരുമായി കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. പൊലീസ് – ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് കൂടിക്കാഴ്ചയിലാകും അന്തിമ തീരുമാനം ഉണ്ടാകുക.

1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളില്‍ കൊവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നത് കമ്മീഷന്‍ ആരോഗ്യവിദഗ്ധരുമായി വീണ്ടും ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഒരു അവസരം കൂടി നല്‍കും. ഈ മാസം അവസാനത്തോടെ പട്ടിക അന്തിമമാക്കി കമ്മീഷന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം പകുതിയോടെ ഇറക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News