വാളയാര്‍: രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

രണ്ട് ദിവസങ്ങളിലായി അഞ്ച് പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് വാളയാര്‍ ചെലങ്കാവ് ആദിവാസി കോളനി നിവാസികള്‍ ഇനിയും മോചിതരായിട്ടില്ല. സാനിറ്റൈസര്‍ പോലുള്ള രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയവരുടെ മൃതദേഹം സംസ്‌ക്കരിച്ചു.

രാമന്‍, അയ്യപ്പന്‍, ശിവന്‍, മൂര്‍ത്തി, അരുണ്‍.. രണ്ട് ദിവസത്തിനിടെ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ നിന്ന് മരണമടഞ്ഞവര്‍. ഞായറാഴ്ച രാവിലെ മരിച്ച രാമന്റെ മൃതദേഹം മറവ് ചെയ്തതിന് പിന്നാലെ അയ്യപ്പനും മരിച്ചതോടെയാണ് ദുരന്തത്തെക്കുറിച്ച് വ്യക്തമായത്.

അവശ നിലയിലായവര്‍ ചിതിക്‌സ തേടി പോകുന്‌പോള്‍ തിങ്കളാഴ്ച മരിച്ച ശിവനെയും ആശുപത്രിയില്‍ പോവാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും തയ്യാറായില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

മരണമടഞ്ഞ ശിവന് 13 ഉം 9 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും 6 വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. നേരത്തെ അമ്മയുപേക്ഷിച്ച് പോയ കുട്ടികള്‍ ഇപ്പോള്‍ അനാഥരായിരിക്കുകയാണ്. കുട്ടികളെ ശിശു സംരക്ഷണ സമിതി ഏറ്റെടുക്കും. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

24 കുടുംബങ്ങളുള്ള കോളനിയില്‍ ഭൂരിഭാഗം പേരും ബന്ധുക്കളാണ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കോളനിയിലെത്തിച്ച ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. സാനിറ്റൈസറോ അതിനു സമാനമായ ദ്രാവകമോ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാസ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ മദ്യമെന്ന പേരില്‍ ഇവര്‍ കഴിച്ചതെന്താണെന്ന് വ്യക്തമാവൂ. രണ്ടാഴ്ചക്കകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഐമാരുടെ നേതൃത്വത്തില്‍ പോലീസിന്റെ മൂന്ന് പ്രത്യേക സംഘങ്ങളും എക്‌സൈസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷണം നടത്തുന്നത്.

ആദിവാസി കോളനികളില്‍ വ്യാജമദ്യം പിടികൂടുന്നതിനായി എക്‌സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News