ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണമെന്ന് എ വിജയരാഘവന്‍; മുന്‍ മന്ത്രിമാരുടെയും ചെന്നിത്തലയുടെയും കള്ളപ്പണ ഇടപാട് അന്വേഷിക്കണം

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ്
കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും, 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിലും, 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ഒട്ടനവധി കോഴ ഇടപാടുകള്‍ അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്.

മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

യു.ഡി.എഫ് എം.എല്‍.എമാരായ പി.ടി തോമസും, കെ.എം ഷാജിയും കള്ളപ്പണ ഇടപാടില്‍ അന്വേഷണ പരിധിയില്‍ വന്നുകഴിഞ്ഞു. മുന്‍മന്ത്രി കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യ കേസ് വിചാരണയിലാണ്.

പാലാരിവട്ടം പാലം അഴിമതിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞും ജൂവല്ലറി തട്ടിപ്പില്‍ എം.സി ഖമറുദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പുറമെയാണ് ചെന്നിത്തലയ്ക്കും വി.എസ് ശിവകുമാറിനും എതിരായ ഈ വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണവും നിയമനടപടികളും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here