കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു; പി ടി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പരാതി

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോന്നി എംഎല്‍എയുമായ കെ യു ജനീഷ്‌കുമാറാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പി ടി തോമസ് എംഎല്‍എ കൂട്ട് നിന്ന് നടത്തിയിട്ടുള്ള കള്ളപണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അനുബന്ധം II നിഷ്‌കര്‍ഷിച്ച പ്രകാരം അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും എംഎല്‍എ പി.റ്റി.

തോമസ് ലംഘിച്ചതായും ജനീഷ്‌കുമാര്‍ എംഎല്‍എ പരാതിയില്‍ പറഞ്ഞു. ചട്ടലംഘനത്തോടൊപ്പം ഇന്‍കംടാക്‌സ് ആക്ട് 269 എസ് ടി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങളള്‍ക്കും പി ടി തോമസ് നേതൃത്വം നല്‍കിയതായും പരാതിയില്‍ പറയുന്നു.

ഇടപ്പള്ളി അഞ്ചുമനയില്‍ നാല് സെന്റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എല്‍.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തുകയും ഭൂമി വില്പനക്കായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.

ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാല്‍എം.എല്‍.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു. സാധുക്കളായ സ്ഥലം ഉടമകള്‍ക്ക് ലഭിക്കേണ്ടി ഇരുന്ന തുക കള്ളപ്പണക്കാര്‍ക്കുവേണ്ടി നഷ്ടപ്പെടുത്തുകയും എണ്‍പത് ലക്ഷം എന്ന കരാര്‍ തുകക്ക് പകരം അന്‍പത് ലക്ഷം പണമായി കൈപ്പറ്റാനും നിര്‍ബന്ധിച്ചു.

കരാര്‍ പ്രകാരം ബാങ്കിലൂടെ കൈമാറേണ്ട തുക നിയമവിരുദ്ധമായി കൈമാറാനും നേതൃത്വം നല്‍കി. അതോടൊപ്പം എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എല്‍.എ. നിയമവിരുദ്ധ ഇടപാടിന് കൂട്ട് നില്‍ക്കുകയായിരുന്നു.

നിയമസഭാ അംഗങ്ങള്‍ പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദയും മൂല്യങ്ങളും കള്ളപ്പണ ഇടപാടിന് നേതൃത്വം നല്കിയതിലൂടെയും തുടര്‍ന്ന് നടത്തിയ മാധ്യമ ചര്‍ച്ചകളിലൂടെയും നഷ്ടപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പി ടി തോമസ് നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തികള്‍ മുഴുവന്‍ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇതിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം എന്നാവിശ്യപ്പെട്ടാണ് കോന്നി എംഎല്‍എ കെ യു ജനീഷ്‌കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News