‘ഓഡിറ്റ് നിര്‍ത്തിവയ്ക്കല്‍ അഴിമതി ആരോപണം പ്രതിപക്ഷനേതാവിന്റെ മറ്റൊരു ഉണ്ടയില്ലാ വെടി’; ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്

ദിവസംതോറും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കാതെ നിവൃത്തിയില്ലായെന്ന നിലയില്‍ എത്തിയിരിക്കുകയാണ് രമേശ് ചെന്നിലയെന്നും ഓഡിറ്റ് നിര്‍ത്തിവയ്ക്കല്‍ അഴിമതി ആരോപണം പ്രതിപക്ഷനേതാവിന്റെ മറ്റൊരു ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി തോമസ് ഐസക്. തന്റെ വിശദീകരണങ്ങള്‍ക്ക് നാളത്തെ പത്രസമ്മേളനത്തില്‍ മറുപടി നല്‍കാന്‍ ചെന്നിത്തല തയ്യാറാകുമോ എന്നും മന്ത്രി ചോദിച്ചു.

മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദിവസംതോറും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കാതെ നിവൃത്തിയില്ലായെന്ന നിലയില്‍ എത്തിയിട്ടുണ്ട് നമ്മുടെ പ്രതിപക്ഷ നേതാവ്. ഓരോ ദിവസവും രാവിലെ 11 മണിക്ക് ആഘോഷപൂര്‍വ്വം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് വെയിലാറും മുമ്പ് ഉഷാറുപോകും. പിറ്റേദിവസം രാവിലെ മറ്റൊരു ആരോപണവുമായി പതിവുപോലെ ഇറങ്ങും. ഇതായിട്ടുണ്ട് നില.

ലോക്കല്‍ഫണ്ട് ഓഡിറ്റ് സംബന്ധിച്ച് സ്‌തോഭജനകമായ ആക്ഷേപമാണ് അദ്ദേഹത്തിന്റെ ആക്ഷേപ സീരിസിലെ ഇന്നത്തെ എഡിഷന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ നിയമാനുസൃത ഓഡിറ്റ് നിര്‍ത്തിവയ്ക്കണമെന്ന് ഓഡിറ്റ് ഡയറക്ടര്‍ ആവശ്യപ്പെട്ടത് അഴിമതി മൂടിവയ്ക്കാനാണ് എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ ആക്ഷേപം. പാവങ്ങള്‍ക്ക് കിടപ്പാടം ഒരുക്കുന്ന ലൈഫ് മിഷനെ എങ്ങനെയും തകര്‍ത്തേ മതിയാകൂ എന്നത് അദ്ദേഹത്തിന്റെ ജീവിതവ്രതമായി മാറിയിട്ടുണ്ട്. ഇന്നുവരെ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും ഒന്നൊഴിയാതെ അസാധുവാക്കപ്പെട്ട സ്ഥിതിയില്‍ ഓഡിറ്റ് ഡയറക്ടറുടെ ഈ നിര്‍ദ്ദേശത്തെ ലൈഫ് പദ്ധതിയുമായി കൂട്ടിക്കെട്ടാനുള്ള ഒരു വൃഥാശ്രമവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നതിനുമുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റാണ് ഇവിടെ പരാമര്‍ശ വിഷയം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അഴിമതി മൂടിവയ്ക്കുക എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഴിമതിയും മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം മറക്കരുത്. ആക്ഷേപങ്ങള്‍ക്കുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ അദ്ദേഹത്തിന് അല്‍പ്പം സ്ഥലജലവിഭ്രാന്തി സംഭവിച്ചുപോയിട്ടുണ്ടെന്നാണ് തോന്നുന്നത്.

ഓഡിറ്റ് ഡയറക്ടര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് കാര്യാലയ മേധാവികള്‍ക്കു നല്‍കിയ ഒരു കത്താണ് ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനം. 2019-20 ലെ ഓഡിറ്റ് പൂര്‍ത്തീകരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്നത് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് സംബന്ധിച്ച വ്യക്തത വന്നതിനുശേഷം മതിയെന്ന് അറിയിച്ചതാണ് ആക്ഷേപത്തിന് അടിസ്ഥാനം.

15-ാം ധനകാര്യ കമ്മീഷന്‍ തീര്‍പ്പു പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് ലഭിക്കുന്നതിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്‍ഐസി വികസിപ്പിച്ച ”ഓഡിറ്റ് ഓണ്‍ലൈന്‍” എന്ന സോഫ്ടുവെയര്‍ പ്ലാറ്റ്‌ഫോമില്‍ ഓഡിറ്റ് നിര്‍വ്വഹിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അപ്പ്‌ലോഡ് ചെയ്യണമെന്നുള്ളതാണ് ഈ ഉപാധി. ഈ ഓഡിറ്റ് സോഫ്ടുവെയര്‍ എന്‍ഐസി തന്നെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്കായി അഖിലേന്ത്യാടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള PRIA Soft എന്ന അക്കൗണ്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ ജോഡി (pair tool) യായിട്ടാണ് വികസിപ്പിച്ചിട്ടുള്ളത്. PRIA Soft ല്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കേ ആയാസരഹിതമായി ”ഓഡിറ്റ് ഓണ്‍ലൈന്‍” ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ.

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 2010-11 മുതല്‍ ഐകെഎം രൂപപ്പെടുത്തിയിട്ടുള്ള ”സാംഖ്യ” എന്ന സോഫ്ടുവെയറിലാണ് അതിന്റെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. ”സാംഖ്യ” സോഫ്ടുവെയര്‍ എന്‍ഐസി വികസിപ്പിച്ച ”ഓഡിറ്റ് ഓണ്‍ലൈന്‍” എന്ന ഓഡിറ്റ് സോഫ്ടുവെയറിനു Compatible അല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കൈകാര്യം ചെയ്യപ്പെടുന്ന കണക്കുകള്‍ ”ഓഡിറ്റ് ഓണ്‍ലൈനി”ല്‍ അതേപടി ഓഡിറ്റിനു വിധേയമാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.

കേരളത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് PRIA Soft ലേയ്ക്ക് മാറ്റണമെന്ന് നേരത്തെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ശഠിച്ചിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും അക്കൗണ്ട് ഓട്ടോമേഷനിലും ബഹുകാതം മുന്നേറിയിരുന്ന കേരളത്തിന്റെ സ്ഥിതി മനസ്സിലാക്കി ഈ ശാഠ്യത്തില്‍ നിന്ന് പിന്നീട് ഇവര്‍ പിന്‍മാറുകയുണ്ടായി. അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ട് ”ഓഡിറ്റ് ഓണ്‍ലൈനി”ല്‍ തന്നെ വേണമെന്ന നിബന്ധന തുടരുകയും ചെയ്യുകയാണ്.

15-04-2020ല്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സംസ്ഥാന പഞ്ചായത്തീരാജ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ 2019-20 ലെ ഓഡിറ്റ് ”ഓഡിറ്റ് ഓണ്‍ലൈനി”ല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഈ സോഫ്ടുവെയര്‍ മാറ്റം ഓഡിറ്റ് മാനുവലിലും നിലനില്‍ക്കുന്ന നിര്‍ദ്ദേശങ്ങളിലുമെല്ലാം മാറ്റം ആവശ്യപ്പെടുന്ന ഒന്നാണ്. ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേരളത്തിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ച നിലവിലുള്ള സ്ഥിതിയും ഇവിടെ പ്രസക്തമാണ്. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ 2018-19 ലെ ഓഡിറ്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. 92 സ്ഥാപനങ്ങളുടെ ഓഡിറ്റ് ഇനിയും പൂര്‍ത്തിയാകേണ്ടതായിട്ടുണ്ട്. 5 ജില്ലകളിലെ എല്ലാ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും 2018-19ലെ ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. ഇപ്രകാരം 2018-19 ലെ ഓഡിറ്റ് പൂര്‍ത്തീകരിച്ച ജില്ലകളില്‍ ഓഡിറ്റ് ടീമുകള്‍ 2019-20 ലെ കണക്ക് പരിശോധനയിലേയ്ക്ക് നീങ്ങുകയാണ്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം നിശ്ചിത ശതമാനം പഞ്ചായത്തുകളില്‍ ”ഓഡിറ്റ് ഓണ്‍ലൈന്‍” എന്ന കേന്ദ്ര സോഫ്ടുവെയറിലാകണം 2019-20 ലെ ഓഡിറ്റ് നടക്കേണ്ടത്. ഇതിനുള്ള നടപടി ക്രമങ്ങളും സ്ഥാപനങ്ങളും നിര്‍ണ്ണയിക്കാതെ ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അപ്പ്‌ലോഡ് ചെയ്യുന്നപക്ഷം അത് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനു കടകവിരുദ്ധമാകുമെന്ന സ്ഥിതിവിശേഷം സംജാതമായി.

ഈ പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓഡിറ്റിലേയ്ക്ക് കടക്കുന്നതിനു വേണ്ടിയിട്ടാണ് 2019-20 ലെ ഓഡിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. 2018-19 ലെ ഓഡിറ്റ് പൂര്‍ത്തിയായതിനുശേഷം മാത്രമേ 2019-20 ലെ ഓഡിറ്റ് ആരംഭിക്കാന്‍ കഴിയുകയുള്ളൂ. എന്നുപറഞ്ഞാല്‍ 2019-20 ലെ ഓഡിറ്റ് ഇപ്പോള്‍ ആരംഭിക്കാന്‍ കഴിയുന്നത് 5 ജില്ലകളില്‍ മാത്രമാണ്. അവിടെ സോഫ്ടുവെയര്‍ സംബന്ധമായ തീരുമാനം ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതു മാത്രമാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.

കേരളത്തില്‍ 11 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലും തല്‍സമയ ഓഡിറ്റാണ് (Concurrent Audit) നിലവിലുള്ളത്. അവിടെ തടസ്സരഹിതമായി 2019-20 ലെ ഓഡിറ്റ് പുരോഗമിക്കുകയാണ്. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇവിടെ ഈ സോഫ്ടുവെയര്‍ പുതുക്കല്‍ ബാധകമല്ലേ എന്നതാണ്.

പുതിയ സോഫ്ടുവെയര്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. ഏതൊക്കെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എന്ന് നിര്‍ണ്ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കട്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സോഫ്ടുവെയര്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ അവിടെ ബാധകമാക്കേണ്ടതില്ലായെന്നും തീരുമാനിച്ചു.

അഴിമതി മറച്ചുവയ്ക്കാനാണെങ്കില്‍ ഏറ്റവുമധികം പണം ചെലവഴിക്കപ്പെടുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഓഡിറ്റ് നടക്കട്ടേയെന്ന് തീരുമാനിക്കുമായിരുന്നോ?

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം അനിവാര്യമായ പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെപ്പോലും വസ്തുത പരിശോധിക്കാതെ ആക്ഷേപം ഉന്നയിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രീതി കഷ്ടമാണെന്ന് എന്നു മാത്രം പറയട്ടെ.

ദിവസംതോറും ഓരോ ആരോപണങ്ങൾ ഉന്നയിക്കാതെ നിവൃത്തിയില്ലായെന്ന നിലയിൽ എത്തിയിട്ടുണ്ട് നമ്മുടെ പ്രതിപക്ഷ നേതാവ്. ഓരോ ദിവസവും…

Posted by Dr.T.M Thomas Isaac on Tuesday, 20 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here