കൊവിഡ് കാലത്തും ക്ലാസായി കേരളം; അടച്ചുപൂട്ടലിന് ശേഷം കേരളത്തിലെത്തിയത് 20 പുതിയ ഐടി കമ്പനികള്‍

കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത്‌ എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക്‌ ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്‌. നൂറുദിവസത്തിനുള്ളിൽ ടെക്‌നോപാർക്കിൽ അഞ്ഞൂറും ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം തൊഴിലവസരം സൃഷ്ടിക്കപ്പെടും.

ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്കിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാംഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇൻഫോപാർക്കിലെ ബ്രിഗേഡ് കാർണിവൽ, ലുലു കമ്പനികളുടെ പദ്ധതികൾ എന്നിവയാണ് ഐടിമേഖലയിൽ സംസ്ഥാനത്തെ പുതിയ പ്രധാന പദ്ധതികൾ. ടെക്‌നോപാർക്കിലെ വിൻവിഷ് കമ്പനി ഒരു ഏക്കറിൽ ഐടി ക്യാമ്പസ് നിർമിക്കും. നൂറു കോടിയുടെ പദ്ധതിയാ‌ണ്‌. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ചർച്ചകൾ പുരോഗമിക്കുന്നു.

ടെക്‌നോസിറ്റിയിൽ നൂറു കോടി മുടക്കിൽ രണ്ടു ലക്ഷം ചതുരശ്രഅടിയിൽ നിർമിക്കുന്ന സർക്കാർ ഐടി കെട്ടിടം ഡിസംബറിൽ കമീഷൻ ചെയ്യും. നിർമാണം പൂർത്തിയാക്കിയ കൊരട്ടി ഇൻഫോപാർക്ക്, ഐബിഎസിന്റെ ഐടി ക്യാമ്പസ് എന്നിവ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. കാസ്‌പിയൻ ടെക്‌നോളജി പാർക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷൻസ്, കോഴിക്കോട് സൈബർപാർക്കിൽ പ്ലഗ് ആൻഡ്‌ പ്ലേ ബിസിനസ്‌ ഓഫീസ് എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു.

കോവിഡിനെത്തുടർന്ന് കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here