പോരാട്ടസ്മരണയില്‍ രണഭൂമി; പുന്നപ്ര-വയലാര്‍ വാരാചരണത്തിന് ചെങ്കൊടി ഉയര്‍ന്നു

രണസ്‌മരണകളിരമ്പിയ അന്തരീക്ഷത്തിൽ വലിയ ചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്‌ ദിശാബോധം പകർന്ന പുന്നപ്ര-– വയലാർ തൊഴിലാളിവർഗ പോരാട്ട വാർഷിക വാരാചരണത്തിന്‌‌ പ്രോജ്വല തുടക്കം. സർ സിപി യുടെ ചോറ്റുപട്ടാളത്തോട്‌‌ ഏറ്റുമുട്ടി വീരമൃത്യു വരിച്ച രണധീരർക്ക് ആയിരങ്ങളാണ്‌ ശോണാഭിവാദ്യമേകിയത്‌.

രക്തസാക്ഷികളായ കാക്കിരി കരുണാകരന്റെയും കാട്ടൂർ ജോസഫിന്റെയും വീടുകളിൽനിന്ന്‌ രക്തപതാക ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട്ടിൽ എത്തിച്ചു.

സമരസേനാനി പി കെ മേദിനി ഇരുപതാകയും ഉയർത്തി. പുന്നപ്ര സമരഭൂമിയിലേക്കുള്ള പതാക തോട്ടപ്പള്ളിയിൽനിന്ന് എത്തിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ പതാക ഉയർത്തി. മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേർ വീതമാണ് രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന നടത്തിയത്‌. മൂന്നിടത്തും സിഎച്ച് കണാരൻ അനുസ്‌മരണ യോഗം ചേർന്നു. ബുധനാഴ്‌ച വയലാറിലും മേനാശേരിയിലും രക്തപതാക ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News