ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും; കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും; യുഡിഎഫ് കാലത്തെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്ക്ക്

ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ്‌ പൂട്ടുമെന്ന്‌ പറയും. പിന്നാലെ തുറക്കാൻ പിരിവ്‌.

യുഡിഎഫ്‌ കാലത്ത്‌ എക്‌സൈസ്‌ വകുപ്പിലെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്‌ക്കായിരുന്നുവെന്നാണ്‌‌ ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ്‌‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്‌.

ബിസിനസുകാരെ യുഡിഎഫ്‌ സർക്കാർ കറവപ്പശുക്കളായാണ്‌ കണ്ടത്‌. കിട്ടുന്നതെല്ലാം പിടിച്ചുവാങ്ങി. എൽഡിഎഫ്‌ സർക്കാർ അങ്ങനെയൊന്നും ചെയ്‌തിട്ടില്ലെന്നും ബിജു രമേശ്‌ പറഞ്ഞു.ബാർ ലൈസൻസ്‌ പുതുക്കാനായി മുൻ യുഡിഎഫ്‌ സർക്കാരിലെ മന്ത്രിമാർക്ക്‌ നൽകാൻ ബാറുടമകളിൽനിന്ന്‌ പിരിച്ചത്‌ 10 കോടി രൂപയാണ്‌.

ബാറുടമകളിൽ നിന്ന്‌ 2.5 ലക്ഷം രൂപവീതവും ബിയർ–-വൈൻ പാർലർ ഉടമകളിൽനിന്ന്‌ 15 ലക്ഷം രൂപ വീതവുമായിരുന്നു ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ശേഖരിച്ചത്‌.

യുഡിഎഫ്‌ സർക്കാർ ലൈസൻസ്‌ പുതുക്കൽ ഫീസ്‌ കൂട്ടില്ലെന്ന്‌ ഉറപ്പ്‌ നൽകിയായിരുന്നു പിരിവ്‌. കോഴയായി എട്ടുകോടി രൂപ നൽകി. ബാക്കി രണ്ടു കോടി കേസ്‌ നടത്തിപ്പിന്‌ നീക്കിവച്ചു. ഇതിന്റെ വ്യക്തമായ തെളിവ്‌ കൈമാറിയിട്ടും അന്വേഷണം അട്ടിമറിച്ചു.

തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ‌‌ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ്‌ സിആർപിസി 164–-ാം വകുപ്പു പ്രകാരം തെളിവടക്കം നൽകിയ രഹസ്യമൊഴിയിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്‌.

2012 മാർച്ചിലെ ബജറ്റിനുമുമ്പ്‌ ബാറുടമകളുമായുള്ള ആദ്യ പ്രീ ബജറ്റ്‌ യോഗത്തിൽ ലൈസൻസ്‌ പുതുക്കൽ ഫീസ്‌ 22ൽനിന്ന്‌ 30 ലക്ഷമാക്കാൻ തീരുമാനിച്ചതായി കെ ബാബു അറിയിച്ചെന്നാണ്‌ മൊഴി.

ഫീസ്‌ വർധിപ്പിക്കാതിരിക്കാൻ‌ ഏഴരക്കോടിക്ക്‌ ബാറുടമകൾ കച്ചവടം ഉറപ്പിച്ചു. ഫീസ്‌ പേരിന്‌ വർധിപ്പിച്ചു‌. ഇതിനു പിന്നാലെ മുഴുവൻ ബാറും പൂട്ടി‌. ഇതും കോഴ വാങ്ങാനുള്ള നാടകമായിരുന്നു.

ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കെ ബാബുവിനെതിരെ വിജിലൻസ്‌ കേസെടുത്തത്‌. പിരിച്ച പണം ആർക്കൊക്കെ നൽകണമെന്ന്‌ നിർദേശിച്ചത്‌ എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബുവായിരുന്നു. ഒരു കോടി രൂപ രമേശ്‌ ചെന്നിത്തയ്‌ലക്കും കിട്ടി.

ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ യോഗത്തിലാണ്‌ പണം നൽകിയത്‌ ആദ്യം വെളിപ്പെടുത്തിയത്‌.
ഇതിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും കോടതിക്ക്‌ കൈമാറി. ഈ ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയെങ്കിലും റിപ്പോർട്ട്‌ അട്ടിമറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here