യാത്രക്കാരോട് മോശമായി പെരുമാറരുത്; ജീവനക്കാരോട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ബസിനുള്ളിലോ പുറത്തോ വച്ച് യാത്രക്കാര്‍ പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ച് അതേ രീതിയില്‍ പ്രതികരിക്കരുതെന്ന് ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദേശം. സിഎംഡി ബിജു പ്രഭാകര്‍ പുറത്തിറക്കിയ മാര്‍ഗദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി. യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയയെന്ന പരാതി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

യാത്രക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. തുടര്‍ന്നുളള നടപടികള്‍ യൂണിറ്റ് തലത്തിലോ കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കുമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗവൈകല്യമുള്ളവര്‍, രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സൗകര്യം ബസുകളില്‍ ഒരുക്കി ല്‍കണം. ഇത്തരത്തിലുള്ള യാത്രാക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, ജനതാ ഓര്‍ഡിനറി, അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തിക്കൊടുക്കണം.

സംവരണ സീറ്റുകള്‍ ബന്ധപ്പെട്ട യാത്രാക്കാര്‍ക്കു കണ്ടക്ടര്‍ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാര്‍ എവിടെനിന്നു കൈകാണിച്ചാലും ബസ് നിര്‍ത്തി അവര്‍ക്ക് സൗകര്യം ഒരുക്കണം. കൈകുഞ്ഞുമായി വരുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News