കവിയും മാധ്യമപ്രവർത്തകനുമായ എൻ.പി.ചന്ദ്രശേഖരൻ വിവർത്തനം ചെയ്ത നെരൂദക്കവിത ‘നീയെന്നെ കേള്‍ക്കാന്‍’

പാബ്ലോ നെരൂദയ്ക്ക് നോബൽ സമ്മാനം കിട്ടിയതിന്‍റെ അമ്പതാം വാർഷിക ദിനത്തിൽ കവിയും മാധ്യമപ്രവർത്തകനുമായ എൻ.പി.ചന്ദ്രശേഖരൻ വിവർത്തനം ചെയ്ത നെരുദക്കവിത നീയെന്നെ കേള്‍ക്കാന്‍.

എൻ. പി. ചന്ദ്രശേഖരൻ കൈരളി ന്യൂസ് ഡയറക്ടര്‍ കൂടിയാണ്

പാബ്ലോ നെരൂദ
————————-
എൻ. പി. ചന്ദ്രശേഖരൻ
————————————–
നീയെന്നെ കേൾക്കാൻ
———————————-
നീയെന്നെ കേൾക്കാനെന്റെ വാക്കുകൾ പലപ്പോഴും ദുർബ്ബലമായ്പ്പോകുന്നു, സമുദ്രതീരത്തിലെ നീർപ്പക്ഷിക്കാൽപ്പാടുപോൽ.
ഒരു മാലയെന്നപോൽ, മദിരാപാനം ചെയ്ത മണിപോൽ, നന്മുന്തിരിപ്പഴംപോൽ തുടുത്തതാം നിന്റെ കൈയുകൾക്കായി.
എന്റെ വാക്കുകളെ ഞാൻ ദൂരെപ്പോയ് നോക്കിക്കാണ്മൂ എന്റേതെന്നതിലേറെ നിന്റേതാ വചനങ്ങൾ.
അവയെൻ പുരാതനസഹനത്തിനുമേലേ വള്ളിപോൽപ്പടരുന്നു, ഈറൻ കന്മതിൽക്കെട്ടിൻ മേലേയെന്നതുപോലെ.
ഈ ക്രൂരകേളിക്കിന്നു പ‍ഴിക്കേണ്ടതു നിന്നെ.

ഇരുണ്ടൊരെൻ മാളത്തിൽ നിന്നാത്മരക്ഷയ്ക്കവ പാഞ്ഞു ദൂരെപ്പോകുന്നു; നീയെല്ലാം നിറയ്ക്കുന്നു, നിറയ്ക്കുന്നു നീയെല്ലാം.
നിന്നെക്കാൾ മുന്നേയവ നീയേറിപ്പടരുന്ന മൗനത്തിൽ കുടിപാർത്തു; നിന്നെക്കാൾ അവയെന്റെ നോവുമായ് പ്രിയപ്പെട്ടു.
അവയിപ്പോൾ പാടട്ടെ പാടുവാൻ നിനക്കായ് ഞാൻ പടുത്ത പാട്ടത്രയും.
അവയിൽ നിന്നും കേൾക്കാൻ നിനക്കു ക‍ഴിയട്ടെ നീ കേൾക്കാൻ ഞാനത്രമേൽ കൊതിച്ച സകലതും.
ഇപ്പോഴുമവയ്ക്കു മേൽ പതിവുപടിയിതാ വീശുന്നു നോവിൻ കാറ്റ്; ചിലപ്പോഴവയ്ക്കുമേൽ മുട്ടുന്നു, വിളിക്കുന്നു, സ്വപ്നത്തിൻ കൊടുങ്കാറ്റ്.

എന്റെ നോവിൻ ശബ്ദത്തിൽ മറ്റു ശബ്ദങ്ങൾക്കല്ലോ നീ, യെന്തോ, കാതോർക്കുന്നു!
പ്രാചീനകണ്ഠങ്ങൾതൻ ആർത്തനാദമേ, പുരാപ്രാർത്ഥനതൻ രക്തമേ, എന്നെ നീ പ്രണയിക്കൂ.
സഹയാത്രികേ, വന്നു കൈയേൽക്ക നീയിന്നെന്നെ. എന്നൊപ്പം നടന്നെത്തൂ, സഹയാത്രികേ, ദുഃഖത്തിന്റെ ഈ തിരക്കോളിൽ. എന്നൊപ്പം നടന്നെത്തൂ.

എന്റെ വാക്കുകൾ പക്ഷേ, നിന്റെ പ്രേമത്താലിന്നു കളങ്കമണിയുന്നു; നീ എല്ലാം കൈയേല്ക്കുന്നു, കൈയേൽക്കുന്നു നീ എല്ലാം.
അവയെ നിരന്തമാം മണിമാലികയായിത്തീർപ്പു ഞാൻ നിനക്കായി, മുന്തിരിപോൽ ആർദ്രമാം നിൻ ശുഭ്രകരങ്ങൾക്കായ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here