സ്വര്‍ണ്ണക്കടത്ത് തന്ത്രം സ്വപ്നയുടേത്; സ്വപ്നയെ കുരുക്കി സന്ദീപിന്റെ രഹസ്യമൊഴി

സ്വപ്നക്കെതിരെ സന്ദീപ് നായരുടെ മൊഴി. നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്ത് തന്ത്രം സ്വപ്നയുടേതെന്ന് സന്ദീപ് നായര്‍. ഒരു കിലോ സ്വര്‍ണ്ണം കടത്താന്‍ സ്വപ്ന ആയിരം ഡോളര്‍ ആവശ്യപ്പെട്ടതായും സന്ദീപ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വിശദീകരിക്കുന്നു.

അന്വേഷണവേളയില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.മൊഴിയിലെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
റമീസിനെയും സരിത്തിനെയും തനിക്ക് നേരത്തെ പരിചയമുണ്ട്.കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്താണ് സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് എന്ന ആശയം അവതരിപ്പിച്ചത് സ്വപ്നയാണ്.നയതന്ത്ര പരിരക്ഷയുള്ള ബാഗില്‍ സ്വര്‍ണ്ണം കടത്തിയാല്‍ പിടിക്കപ്പെടില്ലെന്ന് സ്വപ്നയാണ് പറഞ്ഞത്.തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്തത്.രണ്ട് തവണ ട്രയല്‍ നടത്തി വിജയകരമാണെന്ന് കണ്ടപ്പോള്‍ സ്വപ്നയാണ് സ്വര്‍ണ്ണം കടത്താന്‍ നിര്‍ബന്ധിച്ചത്.

ഒരു കിലോ കടത്തുന്നതിന് 45000 രൂപ തരാമെന്നാണ് റമീസ് പറഞ്ഞതെങ്കിലുംഅതുപോരെന്ന് സ്വപ്ന അറിയിച്ചു.ഓരോ കിലോയ്ക്കും ആയിരം ഡോളര്‍വച്ച് നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.കോണ്‍സുല്‍ ജനറലിന് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു.ജര്‍മ്മനിയില്‍ ബിസിനസ്സിനും ദുബായില്‍ വീടുവെക്കുന്നതിനും കോണ്‍സുല്‍ ജനറലിന് പണം ആവശ്യമുണ്ടെന്ന് സ്വപ്ന പറഞ്ഞതായും സന്ദീപ് നായരുടെ മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ഡോളര്‍ കടത്തിയ കേസില്‍ പ്രതികളായ സരിത്ത്, സ്വപ്ന എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി.19 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എറണാകുളം എ സി ജെ എം കോടതി അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here