വാളയാര്‍ വിഷമദ്യ ദുരന്തം: വ്യാജ മദ്യത്തിന്റെ ഉപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്

വാളയാര്‍ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ മദ്യത്തിന്റെ ഉപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും വ്യാജമദ്യത്തിന്റെ ഉപയോഗം തടയാനുള്ള റെയ്ഡും ബോധവത്ക്കരണവുമാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ അഞ്ച് പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആദിവാസി കോളനികളില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. അട്ടപ്പാടി, നെല്ലിയാന്പതി, പറന്പിക്കുളം ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലുമാണ് പരിശോധന നടത്തുന്നത്. വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കോളനി നിവാസികളില്‍ നിന്നും മദ്യം കഴിച്ചവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ദുരന്തത്തിനിടയാക്കിയത് സാനിറ്റൈസറോ സമാനമായ മറ്റേതെങ്കിലും ദ്രാവകമോ ആയിരിക്കാമെന്നാണ് എക്‌സൈസിന്റെ നിഗമനം. വിഷ മദ്യം കോളനിയിലെത്തിയതിനെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് പറഞ്ഞു.

പാലക്കാട് എക്‌സൈസ് സര്‍ക്കിളിന് കീഴില്‍ വരുന്ന അഞ്ഞൂറോളം എക്‌സൈസ് ജീവനക്കാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഈ മാസം 31 വരെ തുടര്‍ച്ചയായി പരിശോധനയും ബോധവത്ക്കരണ പരിപാടിയും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News