വി മുരളീധരനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനില്‍ പരാതി; പുതിയ കുരുക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ

വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി തള്ളി പ്രതിസ്ഥാനത്തു നില്‍ക്കുന്ന അബുദാബിയിലെ ഇന്ത്യന്‍ എംബസി. 2019ലെ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ യോഗത്തില്‍ വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയും നടത്തിയെന്ന പരാതിയാണ് അബുദാബി എംബസി തള്ളിയത്.

മുരളീധരന്റെ കീഴിലുള്ള ഉദ്യോഗസ്ഥ തന്നെ പരാതി തള്ളിയതോടെ അന്വേഷണത്തില്‍ മുരളീധരന്‍ ഇടപെട്ടുവെന്ന സംശയവും ബലപ്പെടുന്നു. ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ സലിം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി.

ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പിആര്‍ ഏജന്റായ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്നും, അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമ്പത്തിക തിരിമറി നടത്തിയെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതി. എന്നാല്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇപ്പോള്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് കാണിച്ചുകൊണ്ട് പരാതി തള്ളിയത്.

പ്രധാനന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതി പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍ തന്നെ തള്ളിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മുരളീധരന്റെ കീഴില്‍ ഉദ്യോഗസ്ഥയായ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറായ പൂജ വേര്‍ണെക്കാര്‍ ആണ് പരാതി തള്ളിയത്. ഇത് മുരളീധരന്‍ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന സംശയവും വര്‍ധിപ്പിക്കുന്നുവെന്ന് പരാതിക്കാരനായ സലിം മടവൂര്‍ ആരോപിച്ചു.

ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സലിം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി. ഇതിന് പുറമെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News