അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ പ്രചാരണ വിങ്ങായി അധ:പതിച്ചു: ഐ.എന്‍.എല്‍

കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കാനിറങ്ങിയ എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കസ്റ്റംസും സി.ബി.ഐയുമൊക്കെ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രചാരണ വിങ്ങായി അധഃപതിച്ചതിന്റെ പരിണിതഫലമാണ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്ര ഏജന്‍സികള്‍, ജാള്യം മറയ്ക്കുന്നതിനും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുമായി, അതീവരഹസ്യമെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിക്കുന്ന പ്രതികളുടെ മൊഴികള്‍, അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന തരംതാഴ്ന്ന ഏര്‍പ്പാട് പ്രബുദ്ധജനം തിരിച്ചറിയുന്നുണ്ട്.

സ്വര്‍ണം കടത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ ജാമ്യത്തില്‍ വിടുകയും ദുബൈയില്‍നിന്ന് സ്വര്‍ണം അയച്ച ഫൈസല്‍ പരീത് ഒരു പോറലുമേല്‍ക്കാതെ അവിടെ വിലസിനടക്കുകയും സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത കോണ്‍സുലേറ്റ് അധികൃതര്‍ നാട്ടില്‍ അഭയം തേടുകയും ചെയ്തതോടെ ഈ കേസ് എവിടെയുമെത്തില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.

എന്നിട്ടിപ്പോള്‍, ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും സ്വപ്നാ സുരേഷുമായി ഫോണ്‍ ചെയ്തതുമൊക്കെ വന്‍ അപരാധമായി ചിത്രീകരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്.

കേന്ദ്രമന്ത്രി വി.മുരളീധരെന്റ ഇംഗിതങ്ങള്‍ക്കൊത്താണ് ഏജന്‍സികള്‍ നീങ്ങുന്നത്. പ്രതികളുടെ മൊഴികളിലെ നിരുപദ്രപകരമായ വസ്തുതകള്‍ പോലും വ്യാജ തലക്കെട്ടുകള്‍ നല്‍കി, സെന്‍സേഷനലൈസ് ചെയ്യാനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ദുഷ്ടലാക്ക് പ്രബുദ്ധജനത മനസ്സിലാക്കുന്നുണ്ടെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News