സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസി ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2100 രൂപയാണ് പുതിയ നിരക്ക്. പരിശോധിക്കുന്നവരുടെ സുരക്ഷാ ഉപകരണങ്ങള്‍ക്കും മററും കൂടുതല്‍ തുക ഈടാക്കരുതെന്നും സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് പരിശോധനാ കിറ്റുകളുടെ നിര്‍മാണം വ്യാപകമായതോടെ ലഭ്യതയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.  2750 രൂപയുണ്ടായിരുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി 2100 രൂപ നല്‍കിയാല്‍ മതി. ശസ്ത്രക്രിയയ്ക്ക് മുന്‍പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധനാ നിരക്ക് മൂവായിരത്തില്‍ നിന്ന് 2100 യാക്കി കുറച്ചു. ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 3000 രൂപയായിരുന്നത് 2500 ആക്കിയാണ് കുറച്ചത്. ആന്റിജന്‍ പരിശോധനയുടെ നിരക്ക് 625 രൂപയായി തുടരും.

കൊവിഡ് പരിശോധന നടത്തുന്നവര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, കൈകാര്യച്ചെലവ് തുടങ്ങിയ ഇനങ്ങളില്‍ കൂടുതല്‍ തുക സ്വകാര്യമേഖല ഈടാക്കുന്നുണ്ട്. ഇത് പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ആരോഗ്യവകുപ്പ് നിബന്ധനകള്‍ക്കനുസരിച്ച് പൊതുവിടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ സ്ഥാപിക്കാം.

നിരക്ക് കുറയുന്നതോടെ കൂടുതല്‍ പേര്‍ പരിശോധനയക്ക് എത്തുമെന്നാണ് സര്‍ക്കാര്‍
പ്രതീക്ഷ. സര്‍ക്കാര്‍ മേഖലയില്‍ പരിശോധന സൗജന്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here