കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പിരിച്ചുവിടണം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ശോച്യാവസ്ഥയ്ക്ക് ഉത്തരവാദികളായ എഞ്ചിനീയറുടെയും കരാറുകാരന്റേയും പേരില്‍ കോര്‍പ്പറേഷന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുളള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന് ശേഷം കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശോച്യാവസ്ഥയ്ക്ക് ഉത്തരവാദിയായ എഞ്ചിനീയറുടെയും കരാറുകാരന്റെയും പേരുകള്‍ കൈമാറാനും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ഡെപ്യൂട്ടി സെക്രട്ടറി ഹാജരായപ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

എഞ്ചിനീയറുടെയും കരാറുകാരന്റെയും പേരുകള്‍ കൈമാറിയാല്‍ മാത്രം പോരാ, ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് നഗരത്തിലെ റോഡുകള്‍ ഇത്തരത്തില്‍ മോശമാകുന്നതെന്നും കോടതി ചോദിച്ചു.

കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ രൂക്ഷവിമര്‍ശനം നടത്തി. കൗണ്‍സില്‍ പിരിച്ചുവിടാന്‍ നിയമാനുസൃതം സര്‍ക്കാര്‍ ഇടപെടേണ്ട കാലം അതിക്രമിച്ചുവെന്നും കോടതി പറഞ്ഞു.

എഞ്ചിനീയറുടെയും കരാറുകാരന്റെയും കാര്യത്തില്‍ കോര്‍പ്പറേഷന്‍ എടുക്കുന്ന നടപടി ഒരാഴ്ചക്കകം അറിയിക്കാനും ഉത്തരവിട്ടു. കൊച്ചി കോര്‍പ്പറേഷനിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി, തകര്‍ന്നടിഞ്ഞ റോഡുകളുടെ ചിത്രങ്ങള്‍ സഹിതം ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News