സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ പ്രതികരണത്തോടെ കാലങ്ങളായി സഭ സ്വീകരിച്ചുവന്ന നിലപാടുകളാണ് മാറ്റിയെഴുതപ്പെടുന്നത്. സഭയ്ക്ക് അകത്തും പുറത്തും ഈ നിലപാട് വലിയചര്‍ച്ചകള്‍ക്കും പുനര്‍ ചിന്തനത്തിനും വഴിവയ്ക്കും.
അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
എല്‍.ജി.ബി.ടി. വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെക്കുറിച്ച് മാര്‍പാപ്പ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.
‘സ്വവര്‍ഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് താന്‍ കരുതുന്നത്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവര്‍ ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്.’ – അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ വിവാഹങ്ങളെ സഭ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. സ്വവര്‍ഗ പങ്കാളികളെ ബഹുമാനിക്കുന്നത് സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുകയോ അതിന് നിയമപരമായ സംരക്ഷണം നല്‍കുകയോ ചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നാണ് സഭ പഠിപ്പിച്ചിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.