സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നടപടി; 50 രൂപ നിരക്കില്‍ 100 ടണ്‍ സംഭരിക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍

സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സവാള വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. നാഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ 100 ടണ്‍ സവാള ഈ മാസം ശേഖരിക്കും അമ്പതുരൂപ നിരക്കിലാണ് സവാള ശേഖരിക്കുക.

അങ്ങനെ വന്നാല്‍ ഇപ്പോള്‍ നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ സവാള വിതരണം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ടി കോര്‍പ് വഴി കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ നിലവില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതേ രീതിയില്‍ സവാളയും വിതരണം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ വിപണിയിലിടപെടുന്നതു കൊണ്ടാണ് വില വര്‍ധനവ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 16 ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ചികൊണ്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്തു തന്നെ ആദ്യമാണ് പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കുന്നത്. കേന്ദ്രത്തിനെതിരായി ബദല്‍ നയമാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും സംസ്ഥാനത്ത് 550 സംഭരണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയുടെ ഉത്പാദനം രണ്ടിരട്ടിയായി കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചു. ഇത് സര്‍ക്കാര്‍ നടപടികളുടെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളേജിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരമാണ് വിഷയത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. എന്നാല്‍ കൃത്യമായ വസ്തുതകള്‍ പുറത്തുവരുംമുന്നെ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ മേഖലയിലെ ഗുണനിലവാരം കാരണമാണ് കേരളത്തില്‍ ഇപ്പോഴും മരണ നിരക്ക് കുറച്ചുനിര്‍ത്താന്‍ കഴിയുന്നതിന്റെ കാരണം. വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ ഇകഴ്ത്തുന്ന തരത്തില്‍ ഇത്തരം ചര്‍ച്ചകളെ മുന്നോട്ട് കൊണ്ടുപോവരുതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here