കെടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി മുസ്ലിം ലീഗ് സൈബര്‍ പോരാളി യാസിര്‍ എടപ്പാള്‍; മന്ത്രി ഡിജിപിക്ക് പരാതി നല്‍കും

വിദേശത്തിരുന്ന് മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലില്‍ യാസിര്‍ എടപ്പാള്‍ കുരുക്കിലായി. മുസ്ലിം ലീഗ് സൈബര്‍ പോരാളിയായ യാസിറിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

സംഭവത്തില്‍ യാസിര്‍ എടപ്പാളിനെതിരെ മന്ത്രി കെ ടി ജലീല്‍ ഡിജിപിക്ക് പരാതി നല്‍കും. യൂട്യൂബ് വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലിനും ഫോണ്‍ ഹാക്ക് ചെയ്തതിനുമാണ് പരാതി.

എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് വിവാദത്തിലായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍. കുറ്റിപ്പുറം, ചങ്ങരംകുളം, താനൂര്‍ പോലിസ് സ്‌റ്റേഷനുകളിലായി മൂന്നുകേസുകളാണ് യാസിറിനെതിരേ നിലവിലുള്ളത്.

സമൂഹമാധ്യമങ്ങളില്‍ മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രണ്ടുകേസുകള്‍. താനൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് മറ്റൊരുകേസ്. മുസ്ലിം ലീഗിനായി സൈബര്‍ രംഗത്ത് സജീവമായ യാസിര്‍ വിദേശത്തിരുന്ന് നിയന്ത്രിച്ചിരുന്നതാണ് കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജ്.

മന്ത്രിമാരുടെ ചിത്രങ്ങള്‍ അശ്ലീയച്ചുവയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഈ ഫേസ് ബുക്ക് പേജിലൂടെ ചെയ്തിരുന്നത്. സ്ത്രീ വിരുദ്ധതയും ആഭാസവും വിദ്വേഷവും പ്രചരിപ്പിക്കുന്ന പേജിന് അരലക്ഷത്തോളം ഫോളേവേഴ്‌സുണ്ട്. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് യാസിര്‍ മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

മന്ത്രിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അവകാശവാദം. ഇതിനെതിരേ കേസെടുക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ദുബൈയില്‍ കഴിയുകയായിരുന്ന യാസിറിനെ നിയമത്തിന് വിധേയനാക്കാന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടിയതിലെ വൈരാഗ്യമാണ് മന്ത്രി കെ ടി ജലീലിനോടുള്ളത്. തുടര്‍ന്നാണ് മന്ത്രിക്കെതിരായ അധിക്ഷേപം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News