ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചത് വി മുരളീധരന്റെ നിര്‍ദ്ദേശം തള്ളി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചത് ശോഭ സുരേന്ദ്രന്റെ കത്തില്‍. വി മുരളീധരന്റെ നിര്‍ദ്ദേശം തള്ളിയാണ് കുമ്മനത്തിന്റെ നിയമനം.മുരളീധരന്‍ പക്ഷക്കാരനായ ഹരി കുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയത്.കേരള ബി.ജെ.പി യിലെ ആഭ്യന്തര പോരില്‍ മുരളീധര വിഭാഗത്തിന്‍ മേല്‍ വിമത പക്ഷം നേടിയ വലിയ വിജയമാണ് കുമ്മനത്തിന്റെ നിയമനം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയത്. ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് നിയമനം.

വി.മുരളീധരന്‍ വിഭാഗത്തിന്റെ പ്രതിനിധിയായ ബിജെപി എന്‍.ആര്‍.ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയത്. ഹരികുമാറിന്റെ നിയമനത്തില്‍ പ്രതിഷേധം അറിയിച്ച് ശോഭ സുരേന്ദ്രന്‍ ഇന്നലെ അമിത് ഷായ്ക്ക് കത്ത് അയച്ചിരുന്നു. കത്ത് ലഭിച്ച് മണിക്കൂറുകള്‍ക്കകം ഹരിയെ മാറ്റി കുമ്മനത്തെ നിയമിച്ച പുതിയ തീരുമാനം വന്നു.

സംസ്ഥാന ബി.ജെ.പി യില്‍ പുനഃസംഘടന മുതല്‍ നില നിന്നിരുന്ന വിഷയങ്ങളാണ് ഒരു പടി കൂടി കടന്ന് കേന്ദ്ര ഇടപെടലിലേക്ക് എത്തിയത്.മുരളീധര വിഭാഗം ഇഷ്ട്ടക്കാരെ തിരുകി കയറ്റുന്നതായി ആരോപിച്ച് ശോഭ സുരേന്ദ്രനും ജെ.ആര്‍ പദ്മകുമാറും അടക്കമുള്ള നേതാക്കള്‍ ആര്‍എസ്എസിന്‍റെ മൗന അനുവാദത്തോടെ തൃശൂരില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന മേഖലാ നേതൃയോഗങ്ങളില്‍ ശോഭയും എ.എന്‍ രാധാകൃഷ്ണനും പങ്കെടുത്തതുമില്ല. ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കുമ്മനത്തെ ഒഴിവാക്കിയത് മുരളീധരന്റെ ഇടപെടല്‍ കാരണമാണെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്മിതാ മേനോനും ഒന്നിച്ചുള്ള മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘന വിദേശ യാത്ര കൂടി പുറത്ത് വന്നതോടെ വിമത പക്ഷം കേന്ദ്രത്തില്‍ കൂടുതല്‍ പിടി മുറുക്കുന്നതിന്റെ തുടക്കമായാണ് കുമ്മനത്തിന്റെ നിയമനത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കി കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here