പ്രാദേശിക വിഷയത്തില്‍ രാഹുല്‍ ഗാന്ധിയേ പോലുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല. പ്രദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തങ്ങ ളുണ്ടെന്നും ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തെ പ്രകീര്‍ത്തിച്ചിരുന്നു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.
‘പിന്നെ, രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്.
അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്’- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.
മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ് പ്രതിരോധപ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്‌തമാക്കുന്നത്. രോഗത്തെ അതിജീവിക്കാനുള്ള കഴിവ് കേരളത്തിനുണ്ടെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ തള്ളിയുള്ള ചെന്നിത്തലയുടെ പ്രതികരണവും വരുന്നത്.
ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന് നടത്തുന്ന പ്രതിരോധ പ്രവർത്തനം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.