മുംബൈയിൽ സവാള വില കുതിച്ചുയരുന്നു; കിലോക്ക് 100 രൂപ

മുംബൈ വിപണിയിൽ സവാളക്ക് തീ പിടിച്ച വില. നഗരത്തിൽ നിത്യോപയോഗ സാധനങ്ങളൂടെ മൊത്ത വില കുതിച്ചുയരുമ്പോൾ തകിടം മറിയുന്നത് കുടുംബ ബജറ്റുകളാണ്. കനത്ത മഴയാണ് ഉള്ളി വിതരണത്തെ പ്രതികൂലമായി ബാധിച്ചതെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 100 രൂപയായി ഉയർന്നിരിക്കയാണ്.

മഹാരാഷ്ട്രയിലെ 60 ശതമാനം ഉള്ളിയും നാസിക്കിലാണ് കൃഷി ചെയ്യുന്നത്. ലസൽഗാവ് അഗ്രികൾച്ചർ പ്രൊഡക്റ്റ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) ഇന്ത്യയിലെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയാണ്. കർഷകരുടെ കയ്യിൽ നിന്നും തുച്ഛമായ വിലക്ക് വാങ്ങിയാണ് മൊത്തക്കച്ചവക്കാർ അവസരം മുതലാക്കുന്നത്.

ഒക്ടോബർ 21 ന് മുംബൈയിലെ ചില്ലറ നിരക്ക് കിലോയ്ക്ക് 80-100 രൂപയും പൂനെയിൽ കിലോയ്ക്ക് 100-120 രൂപയുമായിരുന്നുവെന്ന് പൂനെ എപിഎംസി കമ്മീഷൻ ഏജൻറ് പറയുന്നു. വിലക്കയറ്റത്തിന് കാരണം വിതരണത്തിലെ കുറവാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

പൂനെ മാർക്കറ്റ് യാർഡിന് 40-50 ട്രക്കുകൾ മാത്രമുള്ള പതിവ് വിതരണത്തിന്റെ പകുതി മാത്രമേ ലഭിച്ചുള്ളൂവെന്നും പുതിയ വിള വരാൻ സമയമെടുക്കുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് പറയപ്പെടുന്നത്.

ഇതിനിടയിൽ, 2,000 ടൺ ഉള്ളികളുമായി 70 കണ്ടെയ്നറുകൾ ഒക്ടോബർ 21 ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിൽ (ജെഎൻപിടി) എത്തിയതായി അറിയുന്നു. ഇത് ഉള്ളി വിലയിൽ ഗണ്യമായി കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് വിപണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here