കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കി ബിജെപിയുടെ പ്രകടന പത്രിക

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കി ബിജെപിയുടെ പ്രകടന പത്രിക. ബീഹാറിലെ ബിജെപിയുടെ പ്രകടന പത്രികയിലാണ് കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.

കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്,’ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. ബീഹാറിലെ ജിഡിപി മൂന്ന് ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

കൂടാതെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികളും ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. 2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികളെയും സൃഷ്ടിക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന്റെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്റെ മറുപടി.

മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News