സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ

സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

‘വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ മാതൃകയാണിത്. എല്‍.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പോപിന്റെ പ്രഖ്യാപനം വളരെയധികം സഹായിക്കും. സ്വാഗതാര്‍ഹമായ നിലപാടാണിത്,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള എല്‍ജിബിടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

എല്‍.ജി.ബി.ടി വ്യക്തികളുടെ വിഷയത്തില്‍ മാര്‍പ്പാപ്പ പരസ്യ നിലപാടെടുക്കുന്നത് ഇതാദ്യമായാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജെയിംസ് മാര്‍ട്ടിനും വ്യക്തമാക്കി. വാഷിംഗ്ടണ്‍ പോസ്റ്റിനോടായിരുന്നു ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍റെ പ്രതികരണം.

കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ലവകരമായ മാറ്റമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നിരുന്നത്. സെപ്തംബറില്‍ എല്‍ജിബിടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്നേഹിക്കുന്നുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News