കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് ഘടകകക്ഷി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍: കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന തീരുമാനം; യുഡിഎഫ് കൂടുതല്‍ ശിഥിലമാകുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് തീരുമാനം അറിയിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ എല്ലാ ഘടകകക്ഷികളും സ്വാഗതം ചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് ഇതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇത് യുഡിഎഫിനെ വലിയതോതില്‍ ദുര്‍ബലപ്പെടുത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റമുണ്ടാക്കും.

ഉപാധികളാലല്ല, നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ച തീരുമാനമാണ് ഇതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ബാര്‍കോ‍ഴക്കേസില്‍ പണം പറ്റിയവരില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here