അഞ്ച് വര്‍ഷത്തെ അഴിമതി; അഴിമതിയ്ക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലടയ്ക്കും;നിതീഷിനും ബിജെപിക്കും താക്കീതുമായി ചിരാഗ് പാസ്വാന്‍

ബീഹാര്‍ തെരഞ്ഞെടുപ്പ് അങ്കം ചൂടിപിടിക്കുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയു-ബിജെപി സഖ്യത്തിനുമെതിരെ തുറന്നടിച്ച് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതിയ്ക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലേക്ക് അയച്ചിരിക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പരാമര്‍ശം.

നിതീഷ് കുമാറിന്റെ ‘സാത് നിശ്ചയ്’ (ഏഴ് വാഗ്ദാനങ്ങള്‍)” പദ്ധതിയില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടിയാണ് ചിരാഗിന്റെ പരാമര്‍ശം. അഞ്ച് വര്‍ഷത്തെ അഴിമതി ആരോപണമാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് പാസ്വാന്‍ ഉന്നയിച്ചിരുന്നത്.നിതീഷിനേയും ബിജെപിയേയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ചിരാഗിന്റെ പരാമര്‍ശം.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യസന്ധത പുലര്‍ത്തണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിതീഷ് ബിജെപി സഖ്യസര്‍ക്കാരില്‍ അഴിമതികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങള്‍ അധികാരത്തില്‍ എത്തുന്ന മാത്രയില്‍ നിതീഷിന്റെ ഓരോ പദ്ധതിയെ കുറിച്ചും അന്വേഷിക്കും കുറ്റക്കാരെ ജയിലില്‍ അടച്ചിരിക്കും’,- ചിരാഗ് പറഞ്ഞു.

നിതീഷിനെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓരോരുത്തരും ബീഹാറിന് വേണ്ടി 20 ദിവസം മാറ്റി വെക്കണമെന്നും വോട്ടര്‍മാരോടായി ചിരാഗ് പറഞ്ഞു.നിതീഷ് കുമാര്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നമ്മുടെ സംസ്ഥാനം തോല്‍ക്കും. നമ്മുടെ സംസ്ഥാനം വീണ്ടും നാശത്തിന്റെ വക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും അടുപ്പം തുടരുമ്പോള്‍ തന്നെ നിതീഷിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു.

ചിരാഗ് പാസ്വാന്റെ അഴിമതി ആരോപണം നിതീഷിന്റെ പ്രതിച്ഛായയ്ക്ക് വലിയ ഭീഷണിയാണെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അതേസമയം ചിരാഗ് പാസ്വാന്‍ നിതീഷ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണം ബിജെപിയെ കൂടിയാണ് വെട്ടിലാക്കുന്നത്.

എല്‍ജെപിയെ കേന്ദ്രത്തില്‍ സഖ്യത്തില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ബിജെപി തീരുമാനമെടുത്തിട്ടില്ലെന്നും ചിരാഗ് പാസ്വാനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കാമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here