കഴക്കൂട്ടത്ത് കോൺഗ്രസ് നേതാവ് എം.എ വാഹിദ് നടത്തിയ ഉപവാസ സമരത്തിനിടെ നാടകീയ രംഗങ്ങൾ.
കഴക്കൂട്ടം എ.ജെ ആശുപത്രി ജംഗ്ഷനിൽ നടന്ന സമരവേദിയിലേക്ക് കയറി വന്ന യൂത്ത് കോൺഗ്രസ് നേതാവും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറുമായ ജെ.എസ് അഖിലിനെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർകോണം സനൽകുമാർ കൈയ്യേറ്റം ചെയ്‌തതായാണ് പരാതി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ് ഗോപകുമാർ സംസാരിക്കവെയാണ് ജെ.എസ് അഖിൽ ഉപവാസ സമരം നടക്കുന്ന വേദിയിലേക്ക് കടന്നുവന്നത്. എം.എ വാഹിദിനെ ഷാൾ അണിയിക്കാനായി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു അഖിലിനെ സനൽകുമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
വേദിയിലെ കസേരയിൽ ഇരിക്കാൻ തുനിഞ്ഞ അഖിലിനോട് അണ്ടൂർകോണം സനൽ കുമാർ ക്ഷുഭിതനായി. ഇതോടെ അഖിലും, സനൽകുമാറും തമ്മിൽ വാടാ പോടാ വിളി ആരംഭിച്ചു. ബഹളം കേട്ട് മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ രണ്ടായി ചേരി തിരിഞ്ഞു. പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുടെ വക്കിലെത്തിയിട്ടും ഇതെല്ലാം കണ്ട് എം എ വാഹിദ് നിശബ്ദനായി ഇരിക്കുകയായിരുന്നു.
ഐ വിഭാഗത്തിൻ്റെ പ്രമുഖ നേതാവ് ആണ് എം എ വാഹിദ് ,എ ഗ്രൂപ്പിൻ്റെ നേതാവ് ആണ് ജെ.എസ് അഖിൽ. സംഭവത്തെ തുടർന്ന് ഇരു വിഭാഗവും ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് വെവേറെ പരാതി നൽകി.

Get real time update about this post categories directly on your device, subscribe now.