കങ്കണയോട് ഹാജരാകണമെന്ന് മുംബൈ പൊലീസ്; ശിവസേനയ്ക്ക് തന്നോട് ഭ്രമമാണെന്ന് കങ്കണയുടെ പരിഹാസം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ തുടങ്ങിയ വാക് പോരാണ് പിന്നീട് നടി കങ്കണയും ശിവസേനയും തമ്മിൽ കൊമ്പു കോർക്കാൻ കാരണം.

രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും സമന്‍സയച്ചിരികയാണ് മുംബൈ പോലീസ്. ഈ മാസം 26, 27 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശവുമായി സമൻസ് അയച്ചിരിക്കുന്നത്.

നടി കങ്കണ രണാവത് ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മുംബൈ പോലീസിന്റെ സമൻസ്.

എന്നാൽ സമൻസിനെ കണക്കിന് കളിയാക്കിയാണ് കങ്കണയുടെ പുതിയ ട്വീറ്റ്. കങ്കണയിൽ ആകൃഷ്ടരായ പെൻ‌ഗ്വിൻ സേനയെന്ന അഭിസംബോധനയോടെ തുടങ്ങിയ ട്വീറ്റിൽ ശിവസേനയ്ക്ക് തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടോ എന്നും കങ്കണ ചോദിക്കുന്നു. സാരമില്ല … ഉടനെ വന്നു കാണാമെന്ന പരിഹാസത്തോടെയാണ് നടി ട്വിറ്റർ ഹാൻഡിൽ അവസാനിപ്പിക്കുന്നത്.

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കങ്കണയെ മുന്നിൽ നിർത്തി ബിജെപി നടത്തുന്ന നിഴൽയുദ്ധമാണെന്ന ശിവസേനയുടെ ആരോപണം ശരി വയ്ക്കുന്നതാണ് നടിയുടെ പ്രതികരണങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News