തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണെന്ന് മുഖ്യമന്ത്രി; തൃശൂരില്‍ കുട്ടികളിലും പ്രായമായവരിലും രോഗം പടരുന്നതില്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതു ശുഭസൂചനയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിനു താഴെയാണ് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളാണ് ഉള്ളത്. ആറന്മുള നീര്‍വിളാകം കോളനി കേന്ദ്രീകരിച്ച് പുതിയ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഈ ക്ലസ്റ്ററില്‍ ബുധനാഴ്ച (ഒക്ടോബര്‍ 21) വരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഓമല്ലൂര്‍, കുമ്പഴ, കൂടല്‍, തണ്ണിത്തോട്, വടശേരിക്കര, മല്ലപ്പള്ളി, തിരുവല്ല, ആറന്മുള, നാറാണംമൂഴി, പ്രമാടം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തും ജോലി ചെയ്യുന്ന ഇടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് കരാറുകാര്‍ ഉറപ്പുവരുത്തണം.

കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി ആലപ്പുഴയില്‍ കൂടുതല്‍ കോവിഡ് പരിശോധനാ കിയോസ്‌കുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ജില്ലയിലെ നഗരസഭാ പരിധിയില്‍ കുറഞ്ഞത് രണ്ട് കിയോസ്‌കുകള്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കി.

നഗരസഭാ പരിധിയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന കിയോസ്‌കുകള്‍ സ്വകാര്യ മേഖലയ്‌ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്‌കുകള്‍ പൂര്‍ണമായി അവരുടെ ചെലവില്‍ സ്ഥാപിക്കണം. നഗരസഭകള്‍ അതത് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കാണ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നല്‍കും.

കോട്ടയം ജില്ലയില്‍ സുകൃതം 500 കാമ്പയിനിന്റെ ഭാഗമായി പ്ലാസ്മാദാനത്തില്‍ സജീവമായി സഹകരിക്കുന്നതിനു പുറമെ ചികിത്സാ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലും സ്വകാര്യ വ്യവസായ ശാലകള്‍ സഹകരിക്കുന്നുണ്ട്. സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പിക്കു വേണ്ട പത്ത് ഹൈ ഫ്‌ളോ നേസല്‍ കാനുല (എച്ച്എഫ്എന്‍സി) ഉപകരണങ്ങള്‍ 25 ലക്ഷം രൂപ ചെലവിട്ട് പാരഗണ്‍ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുകയുണ്ടായി.

തൃശൂര്‍ ജില്ലയില്‍ പത്തു വയസ്സിനു താഴെയുള്ളവരിലും 60 വയസ്സിന് മുകളില്‍ ഉള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. 60 വയസ്സിന് മുകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1238 ആയി.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്റെ അഭ്യര്‍ഥന പ്രകാരം അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ എഫ്എല്‍ടിസി ക്രമീകരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികള്‍ നല്‍കണം. കോവിഡിന്റെ പേരില്‍ ഗര്‍ഭിണികളെ ചില ആശുപത്രികള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംഭവമുണ്ടായി. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട് ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് 19 ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here