സാക്ഷരതാ മിഷന്‍ കൈപിടിച്ചു; അക്ഷരവ‍ഴിയില്‍ 18 ട്രാന്‍സ്ജെന്‍ററുകള്‍

അവഗണനകളും മാറ്റിനിർത്തലുകളും അതിജീവിച്ച് പഠിക്കാൻ സാക്ഷരതാമിഷൻ അവസരം ഒരുക്കിയപ്പോൾ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ 18 ട്രാൻസ്‌ജെൻഡറുകൾക്ക് വിജയം. ട്രാൻസ്‌ജെൻഡറുകൾക്കായി സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന ‘സമന്വയ’ തുടർവിദ്യാഭ്യാസ പദ്ധതിയിൽ പരീക്ഷയെഴുതിയവരാണിവർ.

22 പേരാണ് ആകെ പരീക്ഷയെഴുതിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ വിജയിച്ചത്. ഇവിടെ പരീക്ഷയെഴുതിയ ഒമ്പത് പേരിൽ എട്ടുപേർ വിജയിച്ചു. തിരുവനന്തപുരം-5, കൊല്ലം-2, തൃശ്ശൂർ-1, കോഴിക്കോട്-1, കണ്ണൂർ-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ വിജയിച്ചവരുടെ എണ്ണം.

ഏറ്റവും കൂടുതൽപേർ വിജയിച്ച പത്തനംതിട്ട ജില്ലയിൽ പഠിതാക്കൾക്കായി അഭയകേന്ദ്രവും സാക്ഷരതാമിഷൻ ഒരുക്കിയിരുന്നു. ഇവിടെ ഭക്ഷണം ഉൾപ്പെടെ സൗജന്യം ആണ്.

2018-ൽ ആരംഭിച്ച സമന്വയ പദ്ധതിയിൽ പത്താംതരം തുല്യതാ കോഴ്‌സിൽ ഇതുവരെ 39 ട്രാൻസ്‌ജെൻഡറുകളാണ് വിജയിച്ചത്. പത്താംതരത്തിൽ 30 പേരും ഹയർ സെക്കൻഡറിക്ക് 62 പേരും പഠിക്കുന്നു. നാലാംതരത്തിൽ 7, ഏഴാംതരം തുല്യതാ കോഴ്‌സിൽ 1 എന്നിങ്ങനെയാണ് ട്രാൻസ്‌ജെൻഡർ പഠിതാക്കളുടെ എണ്ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here