കൊച്ചി ബംഗളൂരു ഇടനാഴി‌ : 10,000 കോടിയുടെ നിക്ഷേപം ഒരുലക്ഷം പേര്‍ക്ക് തൊഴിൽ

സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തികമേഖലയിൽ വൻകുതിപ്പിന്‌ വഴിവയ്‌ക്കുന്ന കൊച്ചി–- -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർഥ്യത്തിലേക്ക്. ഇതിനുള്ള കരാർ കേന്ദ്രവുമായി സംസ്ഥാനം ഒപ്പിട്ടു. ഇടനാഴിയിലെ കൊച്ചി-–-പാലക്കാട് മേഖലയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്. പാലക്കാട്ടെ 1800 ഏക്കറിൽ നടപ്പാക്കുന്ന പദ്ധതിയിൽ 10000 കോടിയുടെ നിക്ഷേപം‌ പ്രതീക്ഷിക്കുന്നു. ഇതിലൂടെ അഞ്ചുവർഷത്തിനുള്ളിൽ 22000 പേർക്ക്‌ നേരിട്ടും 80,000 പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും.

ആദ്യ ഘട്ടത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, ലൈഫ് സയൻസ് എന്നിവയുടെ ഏകോപനത്തിനായി സംയോജിത ഉൽപ്പാദക ക്ലസ്റ്ററും ആസൂത്രണം ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട്‌ ജില്ലകളിലെ പദ്ധതികൾ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടനാഴി പ്രദേശങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് നിർവചിക്കുന്ന കരാറുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചത്. കിൻഫ്രയാണ്‌ കേരള സർക്കാരിന്റെ നോഡൽ ഏജൻസി.

ഇടനാഴിയുടെ വിശദമായ ആസൂത്രണം, രൂപകൽപ്പന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്‌ക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തമായിരിക്കും. ഇതിനായി രൂപീകരിക്കുന്ന ബോർഡിൽ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ ഉണ്ടാകും.

നിക്ഡിറ്റ് (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) സിഇഒ കെ സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനുവേണ്ടി വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അൽകേഷ് കുമാർ ശർമയും കിൻഫ്ര എംഡി സന്തോഷ് കോശിയുമാണ് കരാറിൽ ഒപ്പുവച്ചത്.

നാഴികക്ക‌ല്ല്: മുഖ്യമന്ത്രി

കേരളത്തിന്റെ സാമ്പത്തികവളർച്ചയ്‌ക്ക്‌ ആക്കംകൂട്ടുന്ന കൊച്ചി–-ബംഗളൂരു വ്യാവസായിക ഇടനാഴി ചരിത്രപരമായ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെയും പടിഞ്ഞാറൻ തമിഴ്നാടിനെയും രാജ്യത്തെ വിവിധ സാമ്പത്തിക വ്യാവസായിക ഇടനാഴികളുടെ ശൃംഖലയുമായി കോർത്തിണക്കുന്ന ഒന്നായി ഇടനാഴി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടക്കം ആലുവ ഗിഫ്‌റ്റ്‌ സിറ്റി

കൊച്ചി–-ബംഗളൂരു വ്യാവസായിക ഇടനാഴിയിൽ ഗിഫ്‌റ്റ്‌ സിറ്റിയാണ്‌ (കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി) പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ളത്. ആലുവ താലൂക്കിലെ 220 ഹെക്ടർ സ്ഥലത്തായി ഗിഫ്റ്റ് സിറ്റി സ്ഥാപിച്ച്‌ വികസിപ്പിച്ചെടുക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാകും ഇത്.ഒന്നേകാൽ ലക്ഷത്തോളം തൊഴിലവസരം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം 1600 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here