വരവറിയിച്ച് തുലാവര്‍ഷം; 28 നും നവംബര്‍ മൂന്നിനുമിടയില്‍ ഇടിവെട്ടിപ്പെയ്യും

കാലവർഷവും തുടർന്നുണ്ടായ ന്യൂനമർദവും കേരളത്തിൽ പെയ‌്തു തോർന്നിട്ടില്ല, വൈകാതെയെത്തുന്ന തുലാവർഷവും കാര്യമായി പെയ്യുമെന്നാണ‌് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിൽ തുലാവർഷം കുറയാനുള്ള സാധ്യതയാണ‌് നേരത്തെ പ്രവചിച്ചിരുന്നതെങ്കിലും സാധാരണ അളവിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

തുടർച്ചയായ ന്യൂനമർദമാണ‌് തുലാവർഷത്തെ വൈകിപ്പിച്ചത‌്. ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ സജീവമായ ന്യൂനമർദം ബംഗാളിൽ കരകയറിയശേഷം കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം തുലാവർഷത്തിന് അനുകൂലമാകുമെന്ന‌് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റ‌് ബീറ്റിന്റെ പഠനത്തിൽ പറയുന്നു.

28നും നവംബർ മൂന്നിനുമിടയിൽ തുലാവർഷം ഇടിവെട്ടിപ്പെയ്യുമെന്നാണ‌് പ്രതീക്ഷ. അതേസമയം, ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ മന്ദഗതിയിലായ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ (കാലവർഷം) ദുർബലമായി. മധ്യപ്രദേശ്, ആൻഡമാൻ നിക്കോബാർ, ജാർഖണ്ഡ് മേഖലകളിൽ മഴ കാര്യമായി കുറഞ്ഞുതുടങ്ങി.

അടുത്തദിവസം ഗുജറാത്ത്, ഛത്തീസ്ഗഢ്‌, വടക്കൻ മഹാരാഷ്ട്ര മേഖലകളിലും കാലവർഷം വിടവാങ്ങും. ഒരാഴ്ചയ്‌ക്കകം വടക്കൻ കേരളത്തിലും കാലവർഷം അവസാനിക്കുമെന്നാണ് കരുതുന്നത‌്.

ഏഴ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ മൾട്ടി സിസ്റ്റം സീസണൽ ഫോർകാസ്റ്റ് പ്രകാരം അടുത്തമാസവും
ഡിസംബറിലും കേരളത്തിൽ തുലാവർഷം ലഭിക്കുമെന്ന് പറയുന്നു. യൂറോപ്യൻ ഏജൻസിയുടെ പ്രവചനപ്രകാരം നവംബറിൽ മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here