
മുസ്ലിംലീഗ് ഐടി സെല്‍ മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന യാസിര്‍ എടപ്പാളിന്റെ വെളിപ്പെടുത്തലില്‍ കുരുക്കിലായ നേതാക്കളുടെ മുഖം രക്ഷിക്കല്‍.
മുസ്ലിം ലീഗിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ സ്വതന്ത്ര വ്യക്തികളെ ഏല്‍പ്പിച്ചിട്ടില്ലെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറിയുടെ വിശദീകരണം. അതേസമയം വളാഞ്ചേരിയില്‍ യാസിറിനെ പിന്തുണച്ച് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് യാസിര്‍ എടപ്പാള്‍. മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ലീഗ് ഐടി സെല്ലിന് വേണ്ടി ഹാക്ക് ചെയ്‌തെന്നായിരുന്നു യാസിറിന്റെ വെളിപ്പെടുത്തല്‍.
വാട്‌സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. വെളിപ്പെടുത്തലില്‍ മന്ത്രി ഡിജിപിയ്ക്ക് പരാതി നല്‍കിയതോടെ മുസ്ലിം ലീഗ് നേതൃത്വം വെട്ടിലായി.
ഇതോടെ വാര്‍ത്താസമ്മേളനങ്ങളില്‍നിന്നും ചാനല്‍ ചര്‍ച്ചകളില്‍നിന്നും മുസ്ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നു. സ്വതന്ത്ര വ്യക്തികളെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഫേസ്ബുക്കില്‍ വിശദീകരിച്ചു.
കലാപത്തിന് ആഹ്വാനം ചെയ്തതുള്‍പ്പെടെ മൂന്നുകേസുകളിലെ പ്രതിയാണ് യാസിര്‍ എടപ്പാള്‍. യാസിര്‍ വിദേശത്തിരുന്നു നിയന്ത്രിച്ച കൊണ്ടോട്ടി അബു എന്ന ഫേസ് ബുക്ക് പേജിലൂടെയായിരുന്നു വിദ്വേഷപ്രചരണം.
യാസിറിനെതിരേ കൂടുതല്‍ പരാതികള്‍ പുറത്തുവന്നതോടെയാണ് നേതാക്കള്‍ വിശദീകരിക്കാന്‍ നിര്‍ബ്ബന്ധിതരായത്. അതേസമയം ലീഗ് പ്രവര്‍ത്തകര്‍ യാസിറിനുവേണ്ടി തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി.
പ്രാദേശിക ലീഗ് ഘടകവും യാസിറിനെ ന്യായീകരിച്ചു. അശ്ലീലവും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ച് വിവാദത്തില്‍പ്പെട്ട യാസിറിനെ സംരക്ഷിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here