ബീഹാറിലെ ബിജെപിയുടെ പ്രകടന പത്രിക; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറങ്ങിക്കിയ പ്രകടന പത്രികയ്ക്കെതിരെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ബിജെപിയുടെ തീവ്രനൈരാശ്യം കാണുമ്പോള്‍ തന്നെ കാര്യങ്ങള്‍ അവരുടെ കൈവിട്ട് പോയെന്ന് മനസ്സിലാവുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് മോദി 6 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പിന്നാലെ നിര്‍മല സീതാരാമന്‍ ബീഹാറിലേക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നു. തേജസ്വി തീര്‍ക്കുന്ന ജനക്കൂട്ടം ബിജെപിയെ വളരെയധികം അലട്ടുന്നുണ്ടെന്ന് വ്യക്തം. ഈ നിരാശ കാണുമ്പോള്‍ അവര്‍ക്ക് കളി നഷ്ടപ്പെട്ടെന്ന് മനസ്സിലാകും”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുന്നതിന്റെ നിരാശയിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ആര്‍ജെഡിയും ബിജെപിക്കെതിരെ രംഗത്തെത്തി. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്, ബിജെപിയുടേതല്ല എന്നാണ് ആര്‍ജെഡി പ്രതികരിച്ചത്.രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍ജെഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel