ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്; അതു വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ശിവശങ്കര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28ന് ഹൈക്കോടതി വിധി പറയും. അതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലായിരുന്നു ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി.

സ്വര്‍ണ്ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിച്ചിട്ടില്ല. നിയമപരമായി ലഭിച്ച പണമാണെന്ന് സ്വപ്ന വിശ്വസിപ്പിച്ചു. അതിനാലാണ് ലോക്കര്‍ തുറക്കാന്‍ സ്വപ്നക്ക് സഹായം ചെയ്തതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്നക്ക് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ശിവശങ്കര്‍ പറഞ്ഞു. നൂറു മണിക്കൂര്‍ ഇതിനകം ചോദ്യം ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. തുടര്‍ന്നും സഹകരിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് 2018 ലേത് എന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു എന്ന ഇഡിയുടെ വാദം തെറ്റാണ്. ഇഡി വിചാരണ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് ഈ വാദമെന്നും ശിവശങ്കര്‍ വ്യക്തമാക്കി. 302 പേജുള്ള റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തന്നെ എങ്ങനെയെങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലില്‍ പോലും റൂം കിട്ടുന്നില്ല. സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍ പറയുന്നു.

എം ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News