രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ല; കമ്യൂണിസ്റ്റ് പാര്‍ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ചവരുടെ മുമ്പില്‍ ചരിത്രം സൃഷ്ടിച്ചവരാണ് നമ്മള്‍; ആ മുന്നേറ്റം ഇനിയും തുടരും: വി എസ്

പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് സമര നായകന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ച ദിവാന്റെ കണ്‍മുമ്പില്‍ ഒരു ദശാബ്ദത്തിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ടി ലോകചരിത്രം സൃഷ്ടിച്ച് കേരളത്തില്‍ അധികാരത്തില്‍ വന്നു. ആ മുന്നേറ്റം തുടരുകയാണ് പുന്നപ്ര രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ വി എസ് പറഞ്ഞു.

തിരുവിതാംകൂറിനെ ഇന്ത്യയില്‍ ലയിപ്പിക്കാതെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്താനും അമേരിക്കന്‍ മോഡല്‍ ഭരണം സ്ഥാപിക്കാനുമുള്ള നീക്കമാണ് നാടുവാഴി- ദിവാന്‍ ഭരണകൂടം ആവിഷ്‌കരിച്ചത്. ഇതിനെതിരെ നടന്ന ഐതിഹാസിക പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തില്‍ ദിവാന്‍ ഭരണത്തിന്റെ കിരാത വേട്ടയില്‍ നൂറുകണക്കിന് സമരസഖാക്കളാണ് ജീവത്യാഗം ചെയ്തത്. മറ്റു നിരവധി പോരാളികള്‍ ജീവിക്കുന്ന രക്തസാക്ഷികളായി.

അടിച്ചമര്‍ത്തലിന്റെ കിരാതമായ നടപടികളാണ് സമര സഖാക്കള്‍ക്ക് നേരിടേണ്ടി വന്നത്. പ്രക്ഷോഭത്തെ ചോരയില്‍ മുക്കാന്‍ ദിവാന് കഴിഞ്ഞു. എന്നാല്‍, പുന്നപ്ര-വയലാര്‍ സമര സേനാനികള്‍ ഉയര്‍ത്തിയ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തു.

സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവത്യാഗം ചെയ്ത പുന്നപ്ര-വയലാര്‍ ധീര രക്തസാക്ഷികളുടെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു- വി എസ് പറഞ്ഞു. സന്ദേശം വാരാചരണകമ്മിറ്റി സെക്രട്ടറി കെ മോഹന്‍കുമാര്‍ വായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News