‘ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂ’; മന്ത്രി തോമസ് ഐസക്

മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സവാള വിലക്കയറ്റം തടയാന്‍ 75 ടണ്‍ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വില്‍ക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലര്‍ കളിയാക്കുന്നത് വായിച്ചു.

75 ടണ്‍ സവാള എന്നു പറഞ്ഞാല്‍ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാര്‍ഡിന് ചുരുങ്ങിയത് ഒരു ടണ്‍ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാല്‍ ഒരാഴ്ചത്തേയ്ക്ക് 25000 ടണ്‍. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വരുന്നത്. അതായത് മാര്‍ക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യില്‍. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.

ബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ മേല്‍പ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാര്‍ജിനല്‍ ഡിമാന്റും മാര്‍ജിനല്‍ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടണ്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങല്‍ നിര്‍ത്തുമെന്ന്?

കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പല്ലേ. ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7 – 10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില ഉയരുന്നുണ്ട്. പക്ഷെ, കേരളത്തില്‍ എന്തുകൊണ്ട് ഈ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാന്‍ കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ മുഖ്യകാരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്. കേരളത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് വാങ്ങിക്കൊടുത്തതു കൊണ്ടല്ലല്ലോ. കമ്പോള ഇടപെടല്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ ആവശ്യമുള്ള മുഴുവന്‍ ഭക്ഷ്യസാധനങ്ങളും സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്‍കല്‍ അല്ല. വില താഴ്ത്താന്‍ മാര്‍ജിനിലുള്ള ഇടപെടലാണ്.

തൊഴിലും വരുമാനവും ഒന്നും ഇല്ലാത്ത ഇക്കാലത്ത് വിലക്കയറ്റംകൂടി ഉണ്ടായാലുള്ള സ്ഥിതി എന്താണ്? അതുകൊണ്ടാണ് പണത്തിനു വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മാസവും എല്ലാവര്‍ക്കും കിറ്റ് നല്‍കാന്‍ 100 ഇന പരിപാടിയുടെ ഭാഗമായി തീരുമാനിച്ചത്. സെപ്തംബര്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയായി. ഒക്ടോബറിലെ വിതരണം 26 മുതല്‍ ആരംഭിക്കും. ഒരു പരാതി എവിടെ നിന്നെങ്കിലും ഉണ്ടായോ? ഇതിന് ജനങ്ങള്‍ നല്‍കുന്ന വലിയ അംഗീകാരം മനസ്സിലാക്കിയാണ് ഓണക്കാലത്ത് ചില പോരായ്മകള്‍ പര്‍വ്വതീകരിച്ച് ഈ ഇടപെടലിനെയാകെ താറടിക്കാന്‍ ചിലര്‍ ശ്രമിച്ചത്. സെപ്തംബര്‍ മാസത്തില്‍ ഇതിനുള്ള ഒരവസരവും സൃഷ്ടിച്ചില്ല.

എങ്ങനെ? ടെണ്ടറില്‍ മാനുഫാക്ച്ചറേഴ്‌സിനെ മാത്രമേ പങ്കെടുക്കാന്‍ അനുവാദം നല്‍കിയുള്ളൂ. ഡീലേഴ്‌സിനെ എല്ലാം ഒഴിവാക്കി. അതോടൊപ്പം പയര്‍ തുടങ്ങി സംസ്‌കരണം ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങളാവട്ടെ നാഫെഡ് വഴി അഖിലേന്ത്യാടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിച്ചാണ് വാങ്ങിയത്. ഇത്തവണ ചെറുപയര്‍ വാങ്ങിയത് രാജസ്ഥാനില്‍ നിന്നാണ്. ഇതുപോലെ ഓരോ ഉല്‍പ്പന്നവും.
സവാള വാങ്ങിയതും നാഫെഡ് വഴിയാണ്. ഇപ്പോള്‍ 75 ടണ്‍ എത്തി. വില താഴ്ത്താന്‍ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel