
ടൈറ്റാനിയം കേസില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടക്കുന്നുവെന്ന് പരാതിക്കാരനായ സെബാസ്റ്റ്യന്‍ ജോര്‍ജ് കൈരളി ന്യൂസിനോട്. കേസില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണെന്നും ഇദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന നേതാക്കളെ പരാതിയുമായി സമീപിച്ചിരുന്നെന്നും എന്നാല്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ആദ്യം താല്‍പര്യം കാണിച്ചിരുന്നവരാരും പിന്നീട് കേസിനെ കുറിച്ച് അന്വേഷിച്ചില്ലെന്നും സെബാസ്റ്റ്യന്‍ ജോര്‍ജ് പറഞ്ഞു.
ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കാൻ സി ബി ഐ വിസമ്മതം അറിയിച്ചതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കാൻ നടന്ന രാഷ്ട്രീയ ഗൂഡാചനയെ കുറിച്ച് സെബാസ്റ്റ്യൻ ജോർജ് കൈരളി ന്യൂസിലൂടെ വെളിപ്പെടുത്തിയത്.
തെളിവില്ലാത്തതിനാലാണ് കേസ് ഏറ്റെടുക്കാത്തതെന്നാണ് സിബിഐയുടെ വാദം എന്നാല്‍ ഈ നിലപാട് വിചിത്രമാണ്. കൈയ്യിലുള്ള എല്ലാ തെളിവുകളും രേഖകളും സിബിഐക്ക് കൈമാറാന്‍ തയ്യാറാണെന്നും സെബാസ്റ്റ്യന്‍ ജോര്‍ജ് കൈരളി ന്യൂസിനോട് പറഞ്ഞു.
യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ആഭ്യന്ത്രമന്ത്രി ചിദംബരത്തിനും ആഭ്യന്ത്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു എന്നാല്‍ കേസ് അന്വേഷിക്കാന്‍ താല്‍പര്യം കാണിച്ചില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.
ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും ടൈറ്റാനിയം അഴിമതി കേസില്‍ പങ്കുണ്ടെന്നും ഒരു ലീഗ് നേതാവിന്റെ മരുമകൻ കമ്മീഷൻ കൈപ്പറ്റിയിയതിനും തെളിവുകള്‍ കൈവശമുണ്ടെന്നും കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ വച്ച് ഇടനിലക്കാരുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പരാതിക്കാരനായ സെബാസ്റ്റ്യന്‍ ജോര്‍ജ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here