രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് അടുത്ത മൂന്ന് മാസം നിര്‍ണായകം: കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ശൈത്യകാലമാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ജനങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് ഇപ്പോള്‍ ഏഴ് ലക്ഷത്തില്‍ താഴെ രോഗികളാണുള്ളത്. പുതിയ രോഗികളുടെ ഇരട്ടിക്കല്‍ നിരക്ക് 97.2 ദിവസമെന്ന നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതി നേടാനായി’- മന്ത്രി പറഞ്ഞു.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 95000 ല്‍ നിന്ന് 55000 ലേക്ക് എത്തിയിട്ടുണ്ടെന്നും രോഗമുക്തി നിരക്ക് 90 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് മരണനിരക്കിന്റെ കാര്യത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. മരണനിരക്ക് 1.51 ല്‍ നിന്ന് 1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് 2000 ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നമ്മള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതേ ജാഗ്രത വരും മാസങ്ങളിലും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലവും ഉത്സവങ്ങളുടെ സമയവുമാണ് വരാനിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അത് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവകാലം വരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞെങ്കിലും കൊറോണ വൈറസ് അങ്ങനെ തന്നെ തുടരുന്നുണ്ട്.

ഉത്സവകാലങ്ങളില്‍ രോഗവ്യാപനത്തിന്റെ സാധ്യത ഏറെയാണെന്നും വാക്സിന്‍ കണ്ടെത്തുന്നതുവരെ കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News