ഒരു രോഗം വന്നതിന് ഇത്രക്ക് പറയാനുണ്ടോ എന്ന് ചോദിക്കുന്നവരോട് ശ്രുതിക്ക് പറയാനുണ്ട് :കൊവിഡ് പോസിറ്റീവ് ആയ അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തക

കൊവിഡിനെ നിസ്സാരമായി കണക്കാക്കുകയും വന്നു പോകട്ടെ എന്നു കരുതുന്നവര്‍ക്കുമുള്ള മറുപടിയാണ് മാധ്യമപ്രവര്‍ത്തക ശ്രുതി ഇ പിക്ക് പറയാനുള്ളത്. കൊവിഡ് പോസിറ്റീവ് ആയിരുന്ന ശ്രുതി സ്വന്തം അനുഭവം പങ്കുവെച്ചിരിക്കുകയാണ് തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. തന്‍റെ കൊവിഡ് അനുഭവം പങ്കുവയ്ക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യവും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.

“കൊറോണ വന്നു പോകട്ടെ എന്ന് വിചാരിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്..അതിനെ കേവലമായി ഉൾകൊള്ളുന്നവരേയും..കോവിഡിനെ നിസ്സാരമായി കാണുന്നവരെ ഭയന്നിട്ട് തന്നെയാണ് ഈ കാര്യങ്ങൾ പറയുന്നതും..എന്റെ അവസ്ഥയിലൂടെ ഇനിയൊരാളും കടന്ന് പോകരുതെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് “- ശ്രുതി പറയുന്നു.

ശ്രുതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അങ്ങനെ കോവിഡ് നെഗറ്റീവ് ആയി. ഈ അവസരത്തിൽ ചില കാര്യങ്ങൾ പറയണമെന്ന് തോന്നുന്നു.. ചുരുക്കണമെന്ന് വിചാരിച്ചാലും നീണ്ടു പോകുന്ന പോസ്റ്റ് ആയിരിക്കുമെന്ന് ആദ്യമേ പറയട്ടെ..

ഒരു രോഗം വന്നതിന് ഇത്രയ്ക്കും പറയാനുണ്ടോ എന്ന് കരുതുന്നവരുണ്ട് ..ഇത് അവരോട് കൂടിയാണ്…പറയാൻ ഒരുപാടുണ്ട്..
ലോകത്ത് കോവിഡ് ബാധിച്ച കോടിക്കണക്കിന് ആളുകളിൽ ഒരുവൾ മാത്രമാണ് ഞാൻ,.കൊറോണ വന്നു പോകട്ടെ എന്ന് വിചാരിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്..അതിനെ കേവലമായി ഉൾകൊള്ളുന്നവരേയും..കോവിഡിനെ നിസ്സാരമായി കാണുന്നവരെ ഭയന്നിട്ട് തന്നെയാണ് ഇൗ കാര്യങ്ങൾ പറയുന്നതും..എന്റെ അവസ്ഥയിലൂടെ ഇനിയൊരാളും കടന്ന് പോകരുതെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

പോസിറ്റീവ് ആകുന്നതിന് മുൻപ് തന്നെ എനിക്ക് ലക്ഷണങ്ങൾ ഉണ്ടായിരുന്നു.. എപ്പോഴും എന്തെങ്കിലും ഒരു അസ്വസ്ഥത ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് ഉണ്ടാകാറില്ല..അതിനാൽ “ദീനാമ്മ” എന്ന പേരും ഓഫീസിൽ നിന്നും നൽകിയിട്ടുണ്ട്..അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഓരോ വയ്യായ്‌മകൾ വരുന്നത് പോലെ തന്നെയാണ് അതിനെ കണ്ടത്…

എന്നാൽ ശരീര വേദന സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ഓഫീസിൽ നിന്നും ലീവ് എടുത്തു. ആ സമയത്താണ് പ്രൈമറി കോൺടാക്ട് ആകുന്നത്..കൂടെ ചില ലക്ഷണങ്ങൾ കൂടി വന്നതോടെ ടെസ്റ്റ് ചെയ്തു.രണ്ടാം നാൾ പോസിറ്റീവ് ആയെന്ന് റിസൾട്ട് വന്നു..വീട്ടിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരുന്നത്. ഇരുട്ടി വെളുത്തപ്പോഴേക്കും ശ്വാസം കിട്ടാത്ത അവസ്ഥയായി..ആസ്ത്മ കൂടിയതിനെ തുടർന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്..B കാറ്റഗറി ആയിരുന്നു.

ആദ്യത്തെ കുറച്ചു ദിവസങ്ങൾ മറക്കാൻ ആകില്ല .ശ്വാസം നിലച്ചു പോകുന്നതുപോലെ..നെഞ്ച് കനക്കുന്നു..തൊണ്ട വരണ്ടു വേദന കൊണ്ട് ഇരുന്നു .കഫക്കെട്ടും തലവേദനയും…അധികം പേരും ദിവസം കഴിച്ചുകൂട്ടുന്നത് ഓക്സിജൻ മാസ്കും, ആവി കൊണ്ടും, മരുന്ന് കഴിച്ച് കൊണ്ടും…ദിവസത്തോളം രോഗാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ലക്ഷണങ്ങള്‍ കൂടുകയും കുറയുകയുമൊക്കെ ചെയ്തു. തൊണ്ട വേദനയുള്ളപ്പോള്‍ വെള്ളം കുടിച്ചാല്‍പ്പോലും വേദനയായിരിക്കും. കുറേ ദിവസത്തേയ്ക്ക് തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. ഉറക്കം കുറഞ്ഞു, രുചിയും മണവും അറിയുന്നില്ല…പ്രിയപ്പെട്ട കട്ടൻ പോലും വായിൽ പച്ചവെള്ളം പോലെ….

ആ ദിവസങ്ങളിൽ എന്റെ സുഖ വിവരങ്ങൾ അറിയാൻ വിളിച്ചവരുടെ കോളുകൾ ഒന്നും ഞാൻ എടുത്തില്ല..”എനിക്ക് സുഖമാണ്, ആരും ടെൻഷൻ ആകേണ്ട, എല്ലാവരും കരുതിയിരിക്കണം” എന്ന് ഓരോരുത്തരോടും പറയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരാളോട് പോലും അത് പറയാൻ കഴിഞ്ഞില്ല..,.ശ്വാസതടസ്സം അതിന് അനുവദിച്ചില്ല, ..സംസാരിക്കും തോറും വേദന കൂടുന്നു..

പലപ്പോഴും ഞാൻ ഡിപ്രെഷൻ മൂഡിലേക്ക് പോയി, പല തവണ അവിടുത്തെ സ്റ്റാഫിനോട് ഒക്കെ ദേഷ്യപ്പെട്ടു. നമുക്ക് പരിചിതമല്ലാത്ത ഒരിടത്ത് എത്തിപ്പെടുക, അവിടെ നമ്മൾ നമുക്ക് സ്വന്തമല്ലാതെയാവുക..അത്രയേറെ ശരീരവും മനസും ഒരേപോലെ തളർന്നു പോകുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം അത് അനുഭവിച്ചവർക്ക് മാത്രം മനസിലാവുന്ന ഒന്നാണ്. ആ സമയത്ത് നമ്മളെ മനസിലാക്കി ഒരു കുറവും വരുത്താതെ വീണ്ടും സ്നേഹത്തോടെ ഇടപെടുന്ന, പിപിഇ കിറ്റിൽ വെന്തുരുകുന്ന ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാൽ ആണ് മതിയാവുക.

ആസ്ത്മയുടെ ഹിസ്റ്ററി മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്..എന്നാൽ കൂടെ ഉണ്ടായിരുന്നവർ വർഷങ്ങളായി ഡയബറ്റിക് , പ്രഷർ , അപസ്മാരം തുടങ്ങി ക്യാൻസറിനെ വരെ അതിജീവിച്ചവർ..അവർ മാത്രമായിരുന്നു എന്റെ ധൈര്യം..ഇൗ പ്രായത്തിലും രോഗത്തോട് ചിരിച്ചു കൊണ്ട് പോരാടുന്ന അമ്മൂമ്മയും ഉമ്മയും എല്ലാം തളർച്ചയിലും ഊർജം നൽകി…

രണ്ടാമത്തെ ടെസ്റ്റിൽ ആണ് നെഗറ്റീവ് ആയത്‌. ആ സമയത്താണ് നാട്ടിൽ എല്ലാവരും പോസിറ്റീവ് ആയെന്ന വിവരം അറിഞ്ഞത്..ഞാൻ കണ്ട ഭീകരത അവരെയും പിടിയിലാക്കി എന്നത് കൂടുതൽ ആഘാതമേകി..സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും വീഡിയോ കോളിലൂടെ മുഖത്ത് ചിരി വരുത്തി അവരെ സമാധാനിപ്പിച്ചു..അപ്പോഴേക്കും മാനസികമായും ശാരീരികമായും തളർച്ച പൂർണമായി എന്നെ കീഴ്പ്പെടുത്തി..

തിരികെ വീട്ടിലെത്തുമ്പോൾ കൊറോണ സമ്മാനിച്ച ആരോഗ്യ പ്രശ്നങ്ങൾ കൂടെ കൂടി. പ്രതീക്ഷിക്കാതെ എത്തുന്ന ശ്വാസംമുട്ടൽ, ക്ഷീണം, തലവേദന, തളർച്ച, വിഷാദം, അസാമാന്യ മുടികൊഴിച്ചിലും…നെഗറ്റീവ് ആയി തിരികെ വരുമ്പോഴും കൂടെ ഉള്ളവർ ധൈര്യം നൽകി…ഏതാണ്ട് സുഖമായി തുടങ്ങിയെന്നു കരുതി സമാധാനമായി ഇരുന്നപ്പോൾ പെട്ടെന്ന് ഉണ്ടായ മാറ്റം ഒന്ന് തളർത്തി എന്ന് മാത്രം…ഡിസ്ചാർജ് ദിവസം ഡോക്ടർ പറഞ്ഞത് ഓർത്തു..ഇനി വിൽ പവർ കൊണ്ട് മാത്രമേ സുഖപ്പെടുത്താൻ കഴിയൂ…കൂടുതൽ ശ്രദ്ധിക്കണം..ലംഗ്സ് വീക്ക്‌ ആയിട്ടുണ്ട്..ഓക്സിജനും മെഡിസിനും ഒക്കെ പരിമിതികൾ ഉണ്ട്…പലതും ഞാൻ കേട്ടില്ല, അങ്ങനെ വരുത്തിതീർത്തു..

കോവിഡ് രോഗത്തിനു ശേഷം ഉണ്ടാകാറുള്ള അസ്വസ്ഥതകൾ പൊതുവെ “ലോംഗ് COVID” എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തെയും മനസിനെയും ബാധിക്കുന്നവയാണ്. ഇക്കാര്യം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ച് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ഭേദമായ 64% രോഗികളിലും രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷവും നിരന്തരമായ ശ്വാസതടസം അനുഭവപ്പെടുന്നതായും 55% പേർക്ക് ക്ഷീണമുള്ളതായും ഓക്സ്ഫോർഡ് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. 60% കോവിഡ് രോഗികളുടെയും ശ്വാസകോശത്തിലും 29% പേരുടെ വൃക്കകളിലും 26% പേരുടെ ഹൃദയത്തിലും 10% പേരുടെ കരളിലും എം.ആർ.ഐ സ്കാനിൽ അസാധാരണത്വം കണ്ടെത്തിയിട്ടുണ്ട്.

ഇത് വായിക്കുമ്പോഴും പലർക്കും സംശയം തോന്നിയേക്കാം ഇത്രയും ഭീകരമാണോ കേവലമൊരു വൈറസ് എന്ന്..ഒരുപക്ഷേ, പല പോസിറ്റീവ് രോഗികളും ഒരു കുഴപ്പവും ഇല്ലാതെ സാധാരണ ജീവിതം നയിക്കുന്നുമുണ്ടാകാം..അവരോട് ഒന്നേ പറയാൻ ഉള്ളു..ഓരോ മനുഷ്യനും വ്യത്യസ്തനാണ്..അവരുടെ ആരോഗ്യ- പ്രതിരോധ ക്ഷമതയും വ്യത്യസ്തമാണ്..എല്ലാവരെയും ഒരേ തട്ടിൽ നോക്കി കാണരുത്…

ശാരീരിക ബുദ്ധിമുട്ടുകളെ ഒരുപക്ഷേ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞേക്കാം..എന്നാൽ മാനസികാരോഗ്യം തിരിച്ചെടുക്കാൻ സമയം എടുക്കും..സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം മാനസിക അകലം കുറയാതെ നോക്കണം..അത് മാത്രമാണ് മുന്നോട്ടുള്ള താങ്ങ്…
എന്നും കൂടെ നിന്നവരോടും..കൂടെ നിൽക്കാൻ ആഗ്രഹിച്ചവരോടും, എന്നിലെ ക്ഷമതയെ എന്നെക്കാൾ വിശ്വസിച്ചവരോടും പെരുത്ത് സ്നേഹം…🖤🖤

ഇപ്പോഴും ശ്വാസം മുട്ടുന്നുണ്ട് ..പ്രതീക്ഷിക്കാതെ ക്ഷീണവും… തളർന്നു പോകാൻ പാടില്ല, സ്ട്രോങ്ങ് ആയെ മതിയാവൂ… കുറച്ചു റസ്റ്റ്‌ ചെയ്തും, എഴുന്നേറ്റിരുന്നും, സിനിമകൾ കണ്ടും, പതിയെ നടന്നും ജീവിതത്തിലേക്ക് ഓടിക്കയറുകയാണ് ഇവിടെ……..🖤

SRUTHY EP

ശ്രുതി കൈരളി ‍ന്യൂസ് വാർത്താവിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News