താനെയില്‍ ആദിവാസി ഗ്രാമത്തിലെ കര്‍ഷകരെ ദുരിതത്തിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പകല്‍ക്കൊള്ള; പ്രതിഷേധവുമായി കിസാന്‍ സഭ

മുംബൈയില്‍ താനെ ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു താനെ കളക്ടറേറ്റിന് മുന്നില്‍ പ്രക്ഷോഭ സമരവുമായി അഖിലേന്ത്യാ കിസാന്‍ സഭ.

കഴിഞ്ഞ അമ്പത് വര്‍ഷമായി കൃഷി ചെയ്തു കൊണ്ടിരുന്ന ആദിവാസികളുടെ കൃഷിയിടങ്ങളാണ് വന മേഖലയാണെന്ന അവകാശവാദവുമായി ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെയായിരുന്നു കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവളെ നയിച്ച പ്രതിഷേധ സമരം

മുംബൈയില്‍ താനെ ജില്ലയില്‍ ഏവൂര്‍ എന്ന ആദിവാസി ഗ്രാമത്തില്‍ കാലങ്ങളായി കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷകരാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നിരന്തരം വേട്ടയാടപ്പെടുന്നത്. ഇവര്‍ അമ്പത് വര്‍ഷമായി കൃഷി ചെയ്തു കൊണ്ടിരുന്ന കൃഷിയിടങ്ങള്‍ വന ഭൂമിയാണെന്ന പുതിയ അവകാശവാദവുമായാണ് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പാവപ്പെട്ട ആദിവാസികളുടെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം ഇവരുടെ കൊയ്യാറായ വിളവുകളെല്ലാം പോലീസ് സഹായത്തോടെ ഫോറസ്‌ററ് ഉദ്യോഗസ്ഥര്‍ കടയോടെ പിഴുതെടുത്ത് കൊണ്ട് പോകുകയായിരുന്നു. ഈ ഹീനകൃത്യം കണ്ടെത്തിയ ആദിവാസികളെ കെട്ടിയിടുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് വിരട്ടി ഓടിച്ചെന്നുമാണ് കര്‍ഷകര്‍ പരാതിപ്പെട്ടത്. അശോക് ധാവളെ പറയുന്നു .

ഇതിനെതിരെയായിരുന്നു താനെ ജില്ലാ കളക്ടര്‍ ഓഫീസിന് മുന്‍പില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ സമരം നടന്നത്.

കൊറോണക്കാലത്ത് ദുരിതത്തിലായ പാവപ്പെട്ട കര്‍ഷകര്‍ക്കാണ് രാജ്യത്ത് ഇത്തരമൊരു അതിക്രമം നേരിടേണ്ടി വന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവളെ വ്യക്തമാക്കി .

പാവപ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കര്‍ഷര്‍ക്ക് നേരിടേണ്ടി വന്ന നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും സി പി ഐ (എം) സൗത്ത് താനെ താലൂക്ക് സെക്രട്ടറി പി കെ ലാലി ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും താനെ ജില്ലാ കളക്ടര്‍ രാജേഷ് നാവ്‌റേക്കര്‍ ഉറപ്പ് നല്‍കി. അടിയന്തിര സഹായമായി ഒരു മാസത്തേക്കുള്ള ഭക്ഷണ സാമഗ്രഹികള്‍ ഇരകളായ കര്‍ഷക കുടുംബങ്ങളില്‍ എത്തിച്ചു നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.

താനെ കളക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് മറിയം ധാവളെ , ഡഹാണു എം.എല്‍.എ. വിനോദ് നിക്കോളെ, സി പി ഐ (എം) താനെ-പാല്‍ഘര്‍ ജില്ലാ സെക്രട്ടറി ബാര്‍ക്യാമാംഗാത്, കിസാന്‍സഭ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് കിഷന്‍ ഗുജ്ജര്‍, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം സെക്രട്ടറി പ്രാച്ചി ഹതിവ്ലേക്കര്‍, സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം സുനില്‍ചവാന്‍ സി പി ഐ (എം) താലൂക്ക് കമ്മറ്റി അംഗം ദത്തുഖറാഡ്, കൂടാതെ കിസാന്‍ സഭ പ്രാദേശിക നേതാക്കളും നേതൃത്വംനല്‍കി നൂറുകണക്കിന് കര്‍ഷകരും ആദിവാസികളും ധര്‍ണയില്‍ അണിചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News