അപൂർവ്വ ചിത്രങ്ങൾ പങ്കു വച്ച് ഹേമമാലിനി; ആഘോഷമാക്കി ആരാധകർ

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനിയാണ് ഭർത്താവ് ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ചില അപൂർവ്വ നിമിഷങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഹേമമാലിനി തന്റെ 72-ാം ജന്മദിനം ധർമേന്ദ്രയും മക്കളായ ഈശയും അഹാനയും ചേർന്ന് ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

ബോളിവുഡിലെ നിത്യഹരിത ജോഡികളായി അറിയപ്പെടുന്ന ധര്‍മേന്ദ്രയും ഹേമമാലിനിയും തുടർച്ചയായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചത്. “ഷോലെ”, “സീത ഔർ ഗീത”, “ചരസ്”, “ഡ്രീം ഗേൾ” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നായികയോട് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ധർമ്മേന്ദ്രക്ക് കടുത്ത പ്രണയമായിരുന്നു. എന്നാൽ വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിക്കാൻ വിമുഖത കാട്ടിയ ഹേമയെ നിരന്തരം പിന്തുടർന്നാണ് ധർമേന്ദ്ര പ്രണയം പ്രകടിപ്പിച്ചത്.

നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചു കൊണ്ടിരിക്കുന്ന നായകനെ പിണക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നായികയും. ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ധര്‍മേന്ദ്രയും ഒഴിവാക്കിയിരുന്നില്ല. നായികയായി നിർമ്മാതാക്കളോട് ശുപാർശ ചെയ്യുന്നത് മുതൽ സെറ്റിലെ ലൈറ്റ് ബോയിക്ക് പൈസ കൊടുത്ത് റീടേക്കുകൾക്കായി അവസരമുണ്ടാക്കുന്നത് വരെ ബോളിവുഡിലെ ഹീമാൻ ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം വിടാതെ പുറകെ കൂടിയ താരത്തോട് ഹേമക്കും ഇഷ്ടം തോന്നി തുടങ്ങിയതോടെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് അയ്യങ്കാർ ശൈലിയിൽ വിവാഹവും നടന്നു. എന്നിരുന്നാലും തന്റെ സാന്നിധ്യം ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയ്ക്കും കുട്ടികൾക്കും ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ ഒതുങ്ങി കൂടുകയായിരുന്നു ഡ്രീം ഗേൾ. കുട്ടികളെല്ലാം പ്രായപൂർത്തിയായതിന് ശേഷമാണ് പൊതു ചടങ്ങുകളിൽ പോലും ഇവർ ഒരുമിച്ചു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അത് കൊണ്ട് തന്നെ ഹേമ മാലിനി ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here