ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഏക്‌നാഥ് ഖഡ്‌സെ

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഏക്‌നാഥ് ഖഡ്‌സെ. ബിജെപി വിട്ട് എന്‍സിപിയില്‍ എത്തിയതിന് പിന്നാലെയാണ് ഏക്‌നാഥ് ഖഡ്‌സെയുടെ പ്രതികരണം.

ബിജെപിയില്‍ നിന്ന് പുറത്തുകടക്കാന്‍ നിരവധി പേര്‍ ശ്രമം നടത്തുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടനടി തകര്‍ന്നുവീഴുമെന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതൃത്വം നേതാക്കളെ പിടിച്ചുനിര്‍ത്തുന്നതെന്നും ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒകു കാരണവശാലും തകരാന്‍പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 ലാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഖഡ്സെ രാജിവെച്ചത്. അന്ന് മുതല്‍ ഖഡ്‌സെ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഹിച്ച് മതിയായതുകൊണ്ടാണ് ബിജെപി വിടുന്നതെന്ന് വ്യക്തമാക്കിയാണ് ഖഡ്‌സെ എന്‍സിപിയില്‍ ചേര്‍ന്നത്.

അതേസമയം ബിജെപിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വൈകാതെ തന്നെ ഖഡ്സെയുടെ മാതൃക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. ചില ബിജെപി എംഎല്‍എമാരടക്കം പാര്‍ട്ടി വിട്ടേക്കാമെന്നും പാട്ടീല്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here