തിരുവഞ്ചൂരിന്റെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം കൂടുതല്‍ വിവാദങ്ങളിലേക്ക്‌; തിരുവഞ്ചൂര്‍ പോയത് ആര്‍എസ്എസ് കാര്യാലയത്തില്‍ തന്നെ; തിരുവഞ്ചൂരിന്റെ വെല്ലുവിളിയില്‍ തെളിവുകള്‍ നിരത്തി വിഎന്‍ വാസവന്‍

കോട്ടയം: ആര്‍എസ്എസ് കാര്യാലയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ രഹസ്യ യോഗത്തിന്റെ തെളിവുകള്‍ നല്‍കാമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍.

ആർഎസ്എസ് കാര്യാലയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ രഹസ്യ ചർച്ച നടത്തിയത് വിവാദമായതോടെയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ചുകൊണ്ട് തിരുവഞ്ചൂർ രംഗത്തെത്തിയത്. ചർച്ച നടത്തിയതിനു തെളിവുകൾ ഉണ്ടോയെന്നും ഏത് ആർഎസ്എസ് നേതാവുമായാണ് ചർച്ച നടത്തിയെന്ന് വ്യക്തമാക്കണമെന്നും ആയിരുന്നു തിരുവഞ്ചൂരിന്റെ വെല്ലുവിളി ഇതിനു പിന്നാലെയാണ് പ്രതികരണവുമായി വിഎന്‍ വാസവന്‍ രംഗത്തെത്തിയത്.

പനച്ചിക്കാട് സേവാഭാരതിയുടെ കാര്യാലയത്തില്‍ വെച്ച് ഒക്ടോബര്‍ 17 ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഹപ്രവര്‍ത്തകരും ആര്‍എസ്എസ്- വിശ്വഹിന്ദുപരിഷത്ത് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി. പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിലല്ല തിരുവഞ്ചൂര്‍ പോയതെന്നും സമീപത്തെ ആര്‍എസ്എസ് കാര്യാലയത്തിലാണ് പോയതെന്നും ചിത്രത്തില്‍ വ്യക്തമാണ്. കാര്യാലയത്തിലെ കവാടത്തില്‍ വെച്ചു തന്നെ തിരുവഞ്ചൂരിനെ ആര്‍എസ്എസ് നേതാക്കള്‍ സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നതാണ്.

സവര്‍ക്കറുടെയും മോഹന്‍ ഭാഗവതിന്റെയും ചിത്രത്തിനടിയിലിരുന്നാണ് തിരുവഞ്ചൂരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ആര്‍എസ്എസ് നേതാക്കളുമായി സംസാരിച്ചത്. ചിത്രങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് ആര്‍എസ്എസ് തന്നെയാണെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.

പനച്ചിക്കാട് പഞ്ചായത്ത് ബിജെപിയെ കൂട്ടി എല്‍ഡിഎഫ് ഭരിക്കുന്നു എന്ന തിരുവഞ്ചൂരിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ബിജെപിയുടെ സഹായത്തോടെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണ്.

തിരുവഞ്ചൂരിനെ ആര്‍എസ്എസ് കാര്യാലയത്തിലെ സന്ദര്‍ശനം സംബന്ധിച്ച് കോടിയേരിയുടെ ആക്ഷേപം യാഥാര്‍ത്ഥ്യമാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ആര്‍എസ്എസ് കാര്യത്തിലല്ല ക്ഷേത്രത്തിലാണ് പോയതെന്നും സേവാഭാരതിയുടെ അന്നദാന ഹാളില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് താന്‍ സന്ദര്‍ശിച്ചതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം.

തിരുവഞ്ചൂർ നടത്തിയ ചർച്ച  പരസ്യമായത് തെരഞ്ഞെടുപ്പുകൾ അടുത്തതോടെ വീണ്ടും കോലീബി സഖ്യം ഉണ്ടാകുന്നു എന്ന എൽഡിഎഫ് പ്രചരണത്തിന് ശക്തി പകരുന്നതാണ് എന്ന വിമർശനമാണ് കോൺഗ്രസ്സിൽ നിന്നു തന്നെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News