ബിഹാർ: നാല് സീറ്റുകളിലെ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ

ബിഹാറിൽ മഹാസഖ്യവും എൻ ഡി എ യും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു. 2015ൽ തനിച്ച് മത്സരിച്ച ഇടത് പാർട്ടികൾ കൂടി ബിജെപിക്കെതിരായ വിശാലമായ പ്രതിപക്ഷ ഐക്യമെന്ന സന്ദേശവുമായി മഹാസഖ്യത്തിനൊപ്പം ചേർന്നാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. തനിച്ച് മത്സരിച്ച 2015ൽ പതിനാല് ലക്ഷത്തോളം വോട്ട് പിടിച്ച ഇടത് പാർട്ടികൾ മുന്നണിയിലെത്തിയതോടെ മഹാസഖ്യത്തിന് കരുത്ത് കൂടി. സിപിഐ എം എൽ പത്തൊൻപത് സീറ്റുകളിലും സിപിഐ ആറു സീറ്റുകളിലും സിപിഐ എം നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ ഇടത് പക്ഷത്തിന് ലഭിച്ച അവസരമാണ് തെരഞ്ഞെടുപ്പ്. ജീവൽ പ്രശ്നങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടത്തിയ പോരാട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സിപിഐഎം കരുതുന്നു. വിഭൂതിപൂർ, മാഞ്ചി, പിപ്ര, മട്ടിഹാനി സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഈ നാല് മണ്ഡലങ്ങളും ജനവിധി എഴുതുക

അടിസ്ഥാന വിഷയങ്ങളിൽ ഊന്നികൊണ്ടുള്ള പ്രചരണം സിപിഐഎം പ്രത്യേകമായി ഏറ്റെടുത്തിട്ടുണ്ട്. മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും കർഷക പ്രശ്നങ്ങൾ മുഖ്യ വിഷയമായി സിപിഐഎം ഉയർത്തിക്കാട്ടുന്നു. മികച്ച സ്‌കൂളുകൾ ഇല്ലാത്തത്, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത,
തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ സിപിഐഎം സ്ഥാനാർത്ഥികൾ സജീവമായി ഉന്നയിക്കുന്നു. വിജയിച്ചാൽ മണ്ഡലത്തിലെ ഈ പോരായ്മകൾ പരിഹരിക്കാൻ പാർട്ടി എം എൽ എമാർ പ്രത്യേക താൽപ്പര്യമെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അവദേശ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

CPIM മത്സരിക്കുന്ന മണ്ഡലങ്ങളിലൂടെ

വിഭൂതിപൂരിൽ പരമ്പരാഗത കോട്ട തിരിച്ചുപിടിക്കാനുള്ള പോരാട്ടം

സിപിഐഎമ്മിന് കരുത്തും രക്തസാക്ഷി പാരമ്പര്യവുമുള്ള നാടുകളിലൊന്നാണ് സമസ്തിപൂർ. ഭൂസമരങ്ങളിലൂടെയും ജാതി വിരുദ്ധ പോരാട്ടങ്ങളിലൂടെയും വേരുറപ്പ് ഉണ്ടാക്കിയ ജില്ല. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി രാം നാഥ് മഹതോ അടക്കമുള്ള നിരവധി പാർട്ടി പ്രവർത്തകർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട് ഇവിടെ. അവിടെയാണ് വിഭൂതിപൂർ മണ്ഡലം.

വിഭൂതിപൂർ സിപിഐഎം നേതാവ് രാം ദേവ് വർമ്മയ്ക്ക് 4 തവണ തുടർ വിജയം നൽകിയ മണ്ഡലമാണ്. 1990, 1995, 2000, 2005 തെരഞ്ഞെടുപ്പുകളിൽ രാം ദേവ് വർമ്മ വിജയിച്ചു. എന്നാൽ 2010ലും 2015ലും സിപിഐഎം പരാജയപ്പെട്ടു. ജെ ഡി യുവിന്റെ രാം ബാലക് സിംഗ് സിപിഐഎമ്മിനെ പരാജയപ്പെടുത്തി രണ്ട് തവണയും വിജയം നേടി.

സീറ്റ് തിരിച്ചെടുക്കാൻ സിപിഐഎം രംഗത്തിറക്കിയിരിക്കുന്നത് വിദ്യാർത്ഥി കാലഘട്ടം മുതൽ രാഷ്ട്രീയത്തിൽ സജീവമായ അജയ് കുമാറിനെയാണ്. ജനകീയ പ്രശ്നങ്ങളിലെ സജീവ ഇടപെടലിലൂടെ ചിര പരിചിതനായ നേതാവ്. 2015ൽ തൊട്ടടുത്തുള്ള ഊർജിയാർപൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നാല് തവണ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന അജയ് കുമാർ ഇപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.

ഉറച്ച വിജയ പ്രതീക്ഷയാണ് ഉള്ളതെന്ന് അജയ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു. സിറ്റിംഗ് എം എൽ എയും എതിർ സ്ഥാനാർത്ഥിയുമായ രാം ബാലകിന് മണ്ഡലത്തിൽ ഒന്നും ചെയ്യാനായില്ല. വിഭൂതിപൂരിൽ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്ന സ്ഥിതിയാണ് ഉള്ളത്. അവരെ സംരക്ഷിക്കുന്ന സമീപനമാണ് എം എൽ എ സ്വീകരിക്കുന്നത്. ( 12 വർഷങ്ങൾക്ക് മുൻപ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ലല്ലൻ സിംഗിനെ വെടിവച്ച കേസിൽ രാം ബാലക് വിചാരണ നേരിടുകയാണ്). വിജയിച്ചാൽ ഈ ക്രിമിനൽ വാഴ്ച അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. വിജയ സാധ്യതയെക്കുറിച്ച് അജയ് പറഞ്ഞത് ഇങ്ങനെ ” കഴിഞ്ഞ തവണ 17000 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇത്തവണ അതിനേക്കാൾ വലിയ മാർജിനിൽ വിജയം നേടും”.

2015ൽ ആർ ജെ ഡി വോട്ട് വാങ്ങിയാണ് ജെ ഡി യു വിജയിച്ചത്. തനിച്ച് മത്സരിച്ച സിപിഐഎം 17000ത്തോളം വോട്ടുകൾക്ക് തോറ്റു. ഒന്നര ലക്ഷത്തോളം വോട്ടുകളിൽ 40,000 വോട്ടുകൾ സിപിഐഎം നേടി. ആർ ജെ ഡി ക്ക് ചുരുങ്ങിയത് 20- 25000 വോട്ടുകൾ ഉണ്ട്. ഇത് പെട്ടിയിൽ വീണാൽ സിപിഐഎമ്മിന് വിജയിക്കാനാവും.
എൽ ജെ പി – ജെ ഡി യു ഏറ്റുമുട്ടൽ ഇവിടെ സിപിഐഎം സ്ഥാനാർത്ഥിക്ക് ബോണസ് ആയേക്കും. കഴിഞ്ഞ തവണ 30000ലേറെ വോട്ടുകൾ പിടിച്ച എൽ ജെ പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 12000- 13000 വരെയുള്ള എൽ ജെ പി വോട്ടുകൾ ജെ ഡി യുവിന് പോയില്ലെങ്കിൽ വിജയം തീർച്ച

മാഞ്ചിയിൽ കന്നി വിജയം പ്രതീക്ഷിച്ച് ഡോക്ടർ കരൺ സത്യേന്ദ്ര യാദവ്

ഇടത് പാർട്ടികൾ തെരഞ്ഞെടുപ്പ് വിജയം നേടാത്ത മണ്ഡലമാണ് മാഞ്ചി. 2015ൽ കാഴ്ച വച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സിപിഐഎം. 2015 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വിജയ് ശങ്കർ ദുബെയായിരുന്നു വിജയിച്ചത്. അന്ന് സിപിഐഎം സ്ഥാനാർത്ഥി ഡോക്ടർ സത്യേന്ദ്ര യാദവ് മൂന്നാം സ്ഥാനത്ത് ആയി. എന്നാൽ ഒന്നാമനുമായുള്ള വോട്ട് വ്യത്യാസം 12,000 മാത്രമായിരുന്നു. ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നില്ല.

മഹാസഖ്യ സ്ഥാനാർഥിയായി ഡോക്ടർ സത്യേന്ദ്ര യാദവാണ് മത്സര രംഗത്ത്. സിപിഐഎം സരൺ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹം മുൻ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ഉള്ള ഈ നാൽപ്പത്തിമൂന്നുകാരൻ കിസാൻ സഭാ ജില്ലാ സെക്രട്ടറിയുമാണ്. ഉന്നത വിദ്യാഭ്യാസമുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ സത്യേന്ദ്രയ്ക്ക് യുവാക്കൾക്കിടയിൽ സ്വീകാര്യത കൂടുതൽ ഉണ്ട്. സിറ്റിംഗ് സീറ്റ് കോൺഗ്രസിന് ഒഴിവാക്കേണ്ടി വന്നത് കഴിഞ്ഞ നാളുകളിൽ സത്യേന്ദർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളെ എത്ര സ്വാധീനിച്ചുവെന്നതിന് തെളിവാണ്.

വിജയിച്ചാൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവ മണ്ഡലത്തിൽ ഉറപ്പാക്കുമെന്ന് സത്യേന്ദർ കൈരളി ന്യൂസിനോട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ നിതീഷ് കുമാറിനെ അവസാനിപ്പിക്കാൻ വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്ന് സത്യേന്ദർ യാദവ് ചൂണ്ടിക്കാട്ടുന്നു. എൽ ജെ പി മുന്നണി വിട്ടത് ഉൾപ്പെടെ ബിജെപി തിരക്കഥയുടെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു.

ചതുഷ്കോണ മത്സരമാണ് മാഞ്ചിയിൽ. രാഷ്ട്രീയ പ്രവർത്തന പരിചയം ഇല്ലാത്ത മാധവി സിംഗ് ആണ് ജെഡിയു സ്ഥാനാർത്ഥി. മാധവിയെ മണ്ഡലത്തിലെ ജനങ്ങൾക്ക് പരിചയം കുറവാണ്. രാജ് പുത്ത് വിഭാഗക്കാരിയാണ് അവർ. ബിജെപി വിമതനായി ബബ്ലു സിംഗ് മത്സരിക്കുന്നുണ്ട്. ഇയാളും രജ്പുത്ത് വിഭാഗക്കാരനാണ്. ബബ്ലു സിംഗിനാണ് രജ്‌പുത്തുകളുടെ കൂടുതൽ പിന്തുണ. എൽ ജെ പി സ്ഥാനാർത്ഥി സൗരഭ് പാണ്ട്ഡെ പിടിക്കുന്ന വോട്ടുകളിൽ ഏറെയും എൻ ഡി എ വോട്ടുകൾ ആവാനാണ് സാധ്യത. അതിനാൽ ഈ ചതുഷ്കോണ പോരാട്ടം ഗുണം ചെയ്യുക സിപിഐഎമ്മിനാകണം.

ഒനര ലക്ഷത്തോളം വോട്ടുകൾ പോൾ ചെയ്യാൻ സാധ്യതയുള്ള ഇവിടെ 50000ൽ അധികം വോട്ടുകൾ നേടിയാൽ സിപിഐഎമ്മിന് വിജയിക്കാൻ സാധിക്കും. ന്യുനപക്ഷ – ദളിത്- ഒ ബി സി വോട്ടുകളിലാണ് പ്രതീക്ഷ. 40,000 ന്യുനപക്ഷം 52,000 യാദവർ, 40,000 പട്ടിക വിഭാഗക്കാർ എന്നിങ്ങനെയാണ് ഈ വിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള ഏകദേശ കണക്ക്. രജ്പുത്ത്, ബ്രാഹ്മിൺ വോട്ട് കൂടുതൽ ലഭിക്കാൻ ഇടയില്ല. വിജയിക്കണമെങ്കിൽ ന്യുനപക്ഷ – ദളിത് വോട്ടുകളിൽ ബഹു ഭൂരിഭാഗവും ഒബിസി വോട്ടുകളിൽ പകുതിയെങ്കിലും മഹാസഖ്യത്തിന്റെ പെട്ടിയിൽ വീഴണം.

സഖ്യ കക്ഷികളുടെ പിന്തുണ പിപ്രയിൽ നിർണായകം

പിപ്രയിൽ സിപിഐഎമ്മിന് മൂന്നാം അങ്കമാണ്. 2010ലും 2015ലും മത്സരിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജ് മംഗൾ പ്രസാദ് മൂന്നാം വട്ടവും ജനവധി തേടുന്നു. 1977ൽ പഴയ പിപ്ര മണ്ഡലത്തിൽ സിപിഐ വിജയിച്ചത് അല്ലാതെ ഇടത് പാർട്ടികൾക്ക് ഇവിടെ തെരഞ്ഞെടുപ്പ് വിജയം ഉണ്ടായിട്ടില്ല. 2010ലും 2015ലും തനിച്ച് മത്സരിച്ച സിപിഐഎമ്മിന് 10,000ഓളം വോട്ടുകൾ പിടിക്കാനാണ് സാധിച്ചത്. എന്നാൽ ഇക്കുറി സഖ്യ കക്ഷികളുടെ പൂർണ പിന്തുണയും പാർട്ടി അടിത്തറ വിപുലമാക്കിയതും മത്സര രംഗത്ത് സിപിഐഎമ്മിനെ നിർണായക ശക്തി ആക്കുന്നു

എല്ലാ സമവാക്യങ്ങളും അനുകൂലമായാൽ അന്തസുള്ള വിജയമെന്നതാണ് പിപ്രയിലെ സ്ഥിതി. മൂന്ന് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 60 ശതമാനം വരെ പോളിംഗ് ഉണ്ടാകും. 75000 വോട്ടുകൾ നേടിയാൽ വിജയിക്കാമെന്ന് മഹാസഖ്യം കരുതുന്നു.15,000 വോട്ടുകൾ സിപിഐഎം തനിച്ച് സമാഹരിക്കണം. 35,000 വോട്ടുകളെങ്കിലും ആർ ജെ ഡിയിൽ നിന്ന് കിട്ടണം. ആർ ജെ ഡി
ആത്മാർഥമായി സഹകരിക്കുന്നുണ്ടെന്നാണ് സിപിഐമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനർ ബി സി ദത്ത കൈരളി ന്യൂസിനോട് വ്യക്തമാക്കിയത്. 10,000 വോട്ടുകളാണ് കോൺഗ്രസ് വഴി ലഭിക്കാൻ സാധ്യത കാണുന്നത്. വിജയ മാർജിനിൽ എത്താൻ നിക്ഷ്പക്ഷ വോട്ടുകൾ അഥവാ ഫ്ലോട്ടിംഗ് വോട്ടുകൾ പ്രധാന ഘടകമാവും.

2015 തെരഞ്ഞെടുപ്പിന് ശേഷം പല പ്രദേശങ്ങളിലേക്കും പ്രവർത്തനം വിപുലപ്പെടുത്താൻ സിപിഐഎമ്മിന് സാധിച്ചുവെന്നാണ് ബി സി ദത്ത പറയുന്നത്. അതിൽ കർഷക സമരങ്ങൾ നിർണായക പങ്ക് വഹിച്ചു. തേതരിയ, ചക്കിയ ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞു. ഇതൊക്കെ സിപിഐഎമ്മിന്റെ അടിസ്ഥാന വോട്ടുകളിൽ വർധനവ് ഉണ്ടാക്കണം. എന്നാൽ കാര്യങ്ങൾ എളുപ്പമാവും.

ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എം എൽഎയുമായ ശ്യാം ബാബു യാദവ് നേരിടുന്ന ജനരോക്ഷം മഹാസഖ്യത്തിന് പ്ലസ് പോയന്റാണ്. കഴിഞ്ഞ ആഴ്ച കട്ടിഹയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ശ്യാം ബാബുവിനെ കരിങ്കൊടി കാണിച്ച് ജനങ്ങൾ മടക്കി അയക്കുകയായിരുന്നു. വെള്ളപ്പൊക്ക സമയത്തും ലോക്ക് ഡൗണ് സമയത്തും എം എൽ എ തിരഞ്ഞു നോക്കാഞ്ഞതാണ് പ്രതിഷേധത്തിന് വഴി ഒരുക്കിയത്. . ജനങ്ങളിൽ നിന്ന് അകന്ന ജനദ്രോഹി ആയ എം എൽ എയാണ് ശ്യാം ബാബുവെന്ന് ബി സി ദത്ത പറയുന്നു.

മഹാസഖ്യത്തിന്റെ വോട്ട് ചോർത്താൻ ബിജെപി കളിക്കുന്ന ജാതി രാഷ്ട്രീയത്തിന് പിപ്ര സാക്ഷിയാണ്. കുശ്വാഹ വോട്ടുകൾ മഹാസഖ്യത്തിലേക്ക് പോകാതെ നിൽക്കാൻ ഇവിടെ മുൻ മന്ത്രിയും എം എൽ എ യുമായ അവദേശ് കുശ്വാഹയെ ബിജെപി തന്നെ മത്സരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ബിജെപി സ്ഥാനാർത്ഥി യാദവ വിഭാഗത്തിൽ നിന്ന് ആണെങ്കിലും ആർ ജെ ഡിക്ക് ശക്തി ഉള്ളതിനാൽ ആ വോട്ടുകൾ ബിജെപിക്ക് ലഭിക്കില്ല. കുശ്വാഹ വോട്ടുകൾ കൂടി പോയാൽ കൂടുതൽ ക്ഷീണമാകും. ഇത് മുന്നിൽ കണ്ടാണ് കുശ്വാവ വോട്ടുകൾ സിപിഐഎം സ്ഥാനാർത്ഥിക്ക് പോകുന്നത് തടയാനുള്ള ബിജെപി തന്ത്രം.

കേരളത്തിലെ സർക്കാർ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവ മാതൃകയാണ്. വിജയിച്ചാൽ ആ മാതൃക തന്റെ മണ്ഡലത്തിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് സ്ഥാനാർഥി രാജ് മംഗൾ പ്രസാദ് കൈരളി ന്യൂസിനോട് പറഞ്ഞു. പിപ്രയിൽ ബ്ലോക്ക് ഓഫിസ് കൊണ്ടുവരും, ഗ്രാമീണ റോഡുകൾ എല്ലാം നന്നാക്കും, 15 വർഷമായി അടഞ്ഞു കിടക്കുന്ന ചക്കിയ ഷുഗർ മിൽ തുറന്ന് പ്രവർത്തിപ്പിക്കും, ദുരന്ത നിവാരണ നിധി ലഭിക്കുന്നതിലെ കാല താമസം ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ സിപിഐഎം മുന്നോട്ട് വയ്ക്കുന്നു. വിജയ പ്രതീക്ഷയെ കുറിച്ച് രാജ് മംഗൾ പറയുന്നത് ഇങ്ങനെ ” WE SHALL FIGHT WE SHALL WIN’…

മട്ടിഹാനി: മാഫിയ വാഴ്ച അവസാനിപ്പിക്കാൻ പോരാട്ടം

പണ്ട് ഹാജി മസ്താനൊപ്പം വടക്കേ ഇന്ത്യയിൽ കുപ്രസിദ്ധനായിരുന്നു കാം ദേവ് സിംഗ്. മട്ടിഹാനി അടങ്ങുന്ന ബെഗുസരായിൽ കഞ്ചാവ്, സ്വർണം എന്നിവ കടത്തി ഗുണ്ടാ വാഴ്ച നടത്തിയ ആളായിരുന്നു കാം ദേവ്. കാം ദേവിന്റെ ഇഷ്ട ഇരകളായിരുന്നു കമ്യുണിസ്റ്റുകൾ .ആ തേർ വാഴ്ച ചെറുത്ത് നിന്നാണ് ബെഗുസരായിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം വളർച്ച നേടിയത്. മണ്ഡല പുനർ നിർണയത്തിന് മുൻപുള്ള മട്ടിഹാനിയിൽ സിപിഐ 1977, 1990,1995 തെരഞ്ഞെടുപ്പുകൾ വിജയിച്ചത് ഈ ചെറുത്തു നിൽപുകൾക്ക് ലഭിച്ച ജനകീയ അംഗീകാരമായിരുന്നു. കാം ദേവ് സിംഗിന്റെ പ്രേതം മേഖലയിൽ ഇപ്പോഴുമുണ്ടെന്ന് തോന്നിപ്പിക്കും വിധം മാഫിയാ പ്രവർത്തനം ഇവിടെ അനുസ്യൂതം നടക്കുകയാണ്. മാഫിയാരാജുകാരുടെ പട്ടികയിൽ സ്ഥലം എം എൽ എ നരേന്ദ്ര കുമാർ സിംഗ് എന്ന ബോഗോ സിംഗും അംഗമാണ്.

മൂന്ന് കൊലപാതക കേസടക്കം പതിമൂന്നോളം കേസുകളിൽ പ്രതിയാണ് നരേന്ദ്ര സിംഗ്. സിംഗിന്റെ ഈ മാഫിയ വാഴ്ച അവസാനിപ്പിക്കാൻ വേണ്ടി കൂടിയാണ് മണ്ഡലത്തിൽ സിപിഐഎം വോട്ട് ചോദിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ബെഗുസരായി മുൻ എം എൽ എയുമായ രാജേന്ദ്ര പ്രസാദ് സിംഗ് ആണ് മത്സര രംഗത്ത്. നരേന്ദ്ര സിംഗിന്റെ മാഫിയാ സംവിധാനങ്ങളെ അതിജീവിച്ചാണ് ഇവിടെ പാർട്ടിക്ക് വിജയം നേടേണ്ടത്

ജയിച്ചാൽ പ്രകടന പത്രികയിലെ മണ്ഡലത്തിലും നടപ്പാക്കുമെന്നാണ് രാജേന്ദ്ര പ്രസാദിന്റെ ഉറപ്പ്. വൈദ്യുതി ബിൽ കൂടിയ നിരക്കിലാണ്. ഇത് കുറയ്ക്കാൻ വേണ്ട ഇടപെടൽ ഉണ്ടാവും. കാർഷിക വായ്പകൾ എഴുതി തള്ളാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും രാജേന്ദ്ര പ്രസാദ് സിംഗ് കൈരളി ന്യൂസിനോട് പറഞ്ഞു.

3.61 ലക്ഷം വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 60 ശതമാനം വരെ പോളിംഗ് പ്രതീക്ഷിക്കുന്നു. ഇതിൽ 85,000 വോട്ടുകളെങ്കിലും നേടിയാൽ വിജയിക്കാമെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞു. മറ്റ് മൂന്ന് സീറ്റുകളെക്കാൾ കൂടുതൽ സിപിഐക്ക് സാന്നിധ്യം ഉള്ള മണ്ഡലമാണ് മട്ടിഹാനി. അതിനാൽ സിപിഐ സഹായം ഇവിടെ മുതൽ കൂട്ടാവും.

എൽജെപി – ജെഡിയു തമ്മിലടി അനുകൂലമാവുമെന്ന് സിപിഐഎം കണക്ക് കൂട്ടുന്നു. എൽ ജെ പിക്ക് വേണ്ടി മത്സര രംഗത്ത് ഉള്ളത് രാജ്കുമാർ സിംഗ് ആണ്. ഭൂമിഹാർ വിഭാഗത്തിൽ നിന്നുള്ള ആളാണ് രാജ്കുമാർ. മണ്ഡലത്തിൽ ഭൂമിഹാർ വിഭാഗക്കാരാണ് കൂടുതൽ. ജാതി രാഷ്ട്രീയത്തിന് പേര്കേട്ട ബിഹാറിൽ നരേന്ദ്ര സിംഗിന് കിട്ടേണ്ട വോട്ടുകൾ ഭൂമിഹാർ വിഭാഗക്കാരനായ രാജ്കുമാറിന് ലഭിക്കാനുള്ള സാധ്യത ചെറുതല്ല. ജെഡിയുവിനെതിരെ എൽജെപിക്ക് ബിജെപി പിന്തുണ നൽകുന്നത് മട്ടിഹാനിയിൽ പ്രകടമാണ്. പാർട്ടി അംഗങ്ങളെ കൊടി എടുക്കാതെ എൽ ജെ പിക്ക് വോട്ട് പിടിക്കാൻ പറഞ്ഞയച്ചിരിക്കുകയാണ് ബിജെപിയെന്ന് സിപിഐഎം നേതാവ് വിനിതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളം,പശ്ചിമ ബംഗാൾ, ത്രിപുര, രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ സിപിഐഎമ്മിന് എം എൽ എമാർ ഉള്ളത്. ബിഹാറിൽ ഒരു സീറ്റെങ്കിലും വിജയിക്കാൻ സാധിച്ചാൽ ഈ പ്രാതിനിധ്യം എട്ട് സംസ്ഥാനങ്ങളായി ഉയരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here