കൊച്ചി വിമാനത്താവളത്തില്‍ ശീതകാല സമയപ്പട്ടിക നിലവില്‍ വന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല സമയപ്പട്ടിക നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇന്നുമുതല്‍ തുടങ്ങുകയാണ്.

ഇന്നു മുതല്‍ അടുത്ത മാര്‍ച്ച് 27വരെയാണ് ആഭ്യന്തര ശീതകാല സമയപ്പട്ടികയുടെ കാലാവധി. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗ് തുടങ്ങിയിരുന്നു. നിലവില്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വ്വീസ് നടത്താനുള്ള അനുമതിയുണ്ട്. ശീതകാല സമയപ്പട്ടിക പ്രകാരം ആഴ്ച്ചയില്‍ 230 വീതം ആഗമനവും പുറപ്പെടലും കൊച്ചി വിമാനത്താവളത്തിലുണ്ടാകും.

അഹമ്മദാബാദ്,ബംഗലുരു,ചെന്നൈ,ദില്ലി,ഹൈദരാബാദ്,മുംബൈ,മൈസുരു,കൊല്‍ക്കത്ത,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് നേരിട്ട് സര്‍വ്വീസുള്ളത്. ദില്ലിയിലേക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേക്ക് അഞ്ചും ബംഗലുരുവിലേക്ക് എട്ടും ചെന്നൈയിലേക്ക് നാലും സര്‍വ്വീസുകളുണ്ടാകും. ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ വൈകീട്ട് 6.25ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനമുണ്ടാകും.എന്നാല്‍ രാജ്യാന്തര സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം ബാധകമാണ്.

നിശ്ചിത രാജ്യങ്ങളിലേക്ക് പ്രത്യേക ഉടമ്പടിയനുസരിച്ചാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍,മാലി,സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വ്വീസുകളുള്ളത്. വിമാന സര്‍വ്വീസുകള്‍ വര്‍ധിക്കുന്നതോടെ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരമാവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ടെര്‍മിനല്‍ കവാടം മുതല്‍ വിമാനത്തില്‍ കയറുംവരെയുള്ള മുഴുവന്‍ ഭാഗങ്ങളിലും നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശുചിയാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News